തിരുവനന്തപുരം: എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. സര്‍ക്കാരിനുവേണ്ടി എന്‍എസ്എസ് ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറിയുടെ വിശ്വസ്ഥന് കൂടിയായ കെബി ഗണേഷ് കുമാര്‍ എംഎല്‍എ എത്തിയാണ് അനുരഞ്ജനത്തിന് ചുക്കാന്‍ പിടിക്കുന്നത്.
ഇതിന്റെ ഭാഗമായി നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരേ എടുത്ത കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കും. എന്‍എസ്എസിന്റെ വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ അടക്കമുള്ളവരെ ഒന്നാം പ്രതിയാക്കിയെടുത്ത കേസുകളില്‍ നിയമ വിദഗ്ദരുമായി ആലോചിച്ച് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കും.
നേരത്തെ ഹൈക്കോടതിയിലുളള കേസില്‍ സര്‍ക്കാരിന്റെ പ്രാഥമീക നിലപാട് എന്എസ്എസിനെതിരായിരുന്നു. സംഘം ചേരല്‍, കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് ഗൂഢ ലക്ഷ്യങ്ങള്‍ ഇല്ല എന്ന പുതിയ നിലപാടിലായി പൊലിസ്.
പ്രതിഷേധത്തിന് ഗൂഢാലോചനയില്ല, അക്രമങ്ങള്‍ ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പോലീസ് നടപടികളില്‍നിന്ന് പിന്നാക്കംപോകാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ പോലീസിന്റെ ഉന്നതതലത്തില്‍ നടക്കുകയാണ്.
നിലവില്‍ കേസ് ഹൈക്കോടതിയുടേയും മജിസ്ട്രേറ്റ് കോടതിയുടേയും മുമ്പിലാണ്. അതുകൊണ്ടുതന്നെ കേസ് നേരിട്ട് പിന്‍വലിക്കാന്‍ സാധിക്കില്ല. നിയമ വിദഗ്ദരുടെ നിര്‍ദ്ധേശ പ്രകരാം തുടര്‍നടപടികളില്‍ നിന്ന് പോലീസ് പിന്നോട്ട് പോയി കേസവസാനിപ്പിക്കാനാണ് പുതിയ നീക്കം.