കോഴിക്കോട്: കോടതി നഷ്ടപരിഹാരമായി വിധിച്ച തുക നല്‍കാത്തതിനെതുടര്‍ന്ന് പൊലീസിന്റെ കസ്റ്റഡിയില്‍ ഏല്‍പ്പിച്ച പ്രതി രക്ഷപ്പെട്ടു. വടകര കുടുംബ കോടതിയിലാണ് സംഭവം. കൊയിലാണ്ടി നടേരി തിരുമംഗലത്ത് മുഹമ്മദ് ജാസിം (34) ആണ് പൊലീസിനെ കമ്പളിപ്പിച്ച് രക്ഷപ്പെട്ടത്. ഭാര്യയായ നടേരി സ്വദേശി റൈഹാനത്തിന്റെ സ്വര്‍ണം ദുരുപയോഗം ചെയ്ത കേസില്‍ 28 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു. 2019 ല്‍ വിധിയായ ഈ കേസില്‍ പണം നല്‍കാതെ ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു. നഷ്ടപരിഹാര തുക വേണമെന്ന് ആവശ്യപ്പെട്ട് യുവതി ഹര്‍ജിയും നല്കി.
തുടര്‍ന്ന് ബുധനാഴ്ച പരിഗണിച്ച കേസില്‍ തുക നല്‍കാതെ വന്നതോടെ ജാസിമിനെ ഡ്യൂട്ടിയിലിണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസറെ ഏല്‍പ്പിച്ചു. തുടര്‍ന്ന് വനിതാ സെല്‍ വഴി വിവരം കൊയിലാണ്ടി പൊലീസില്‍ അറിയിക്കുകയും ചെയ്തു. ഫോണ്‍ ചെയ്യുന്നു എന്ന വ്യാജേന പുറത്തേക്കിറങ്ങിയ ജാസിമിനു പിന്നാലെ വനിത പൊലീസ് ചെന്നതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.