കൊച്ചി: മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് പിന്മാറിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റൊരു ബെഞ്ച് പരിഗണിക്കും.
യുട്യൂബ് ചാനല്‍ വഴി മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. വീഡിയോ വിദ്വേഷം വളര്‍ത്തുന്നതല്ലെന്നും പോലീസ് വേട്ടയാടുകയാണെന്നുമാണ് ഷാജന് സ്കറിയയുടെ വാദം.
അന്വേഷണവുമായി സഹകരിക്കാമെന്നും കോടതി മുന്നോട്ട് വയ്ക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കുമെന്നും ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. നിലമ്പൂര്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്കറിയ കെ എസ് നല്കിയ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് ആണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.