മൂവാറ്റുപുഴ: കൂറുമാറ്റ പരാതിയില്‍ മൂവാറ്റുപുഴ നഗരസഭ പതിമൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ പ്രമീള ഗിരീഷ് കുമാറിനെ സംസംഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യത കല്‍പ്പിച്ച നടപടി ഹൈക്കോടതി ശരിവച്ചു. 2024 മാര്‍ച്ച് 7 നാണ് ഇത് സംബന്ധിച്ച് കമ്മീഷന് ഉത്തരവ് പുറപെടുവിച്ചത്. ഇതിനെതിരെ പ്രമീള സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് മുഹമ്മദ് നിയാസ് തളളി ഉത്തരവായത്. കൂറുമാറ്റം തെളിഞ്ഞതായും അയോഗ്യത നിലനില്‍ക്കുമെന്നും ഉത്തരവിലുണ്ട്.
തുടര്‍ച്ചയായി മൂന്ന് വട്ടം പാര്‍ട്ടി വിപ്പ് ലംഘിച്ചതിലും യു.ഡി.എഫില്‍ നിന്ന് കൂറുമാറി എല്‍.ഡി.എഫ്. നൊപ്പം ചേര്ന്നതിനുമെതിരെ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയേതുടര്ന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യത കല്പിച്ചത്.
ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 2020 ല്‍ വിജയിച്ച പ്രമീള ഗിരീഷ് കുമാര്‍, വൈസ് ചെയര്‍പഴ്സണ്‍ തെരഞ്ഞെടുപ്പില്‍ നിന്നും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പഴ്സണ്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. തുടര്‍ന്ന് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പഴ്സണായി തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്രയായ രാജശ്രീ രാജുവിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ബിന്ദു ജയനെതിരെ വോട്ട് ചെയ്ത് എല്‍.ഡി.എഫ്. പിന്തുണയോടെ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
കൂറുമാറി എല്‍.ഡി.എഫ്. നൊപ്പം ചേര്‍ന്ന് അധികാരത്തിലേറിയതോടെയാണ് പ്രമീള ഗിരീഷ്കുമാറിനെതിരെ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് പരാതി നല്‍കിയത്. അയോഗ്യത ഉത്തരവിന് എതിരെ പ്രമീള ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലും എല്‍ദോസ് കക്ഷി ചേര്‍ന്നിരുന്നു. അഡ്വ. കെ.സി. വിന്‍സന്റ് കോടതിയില്‍ ഹാജരായി. യു.ഡി.എഫ് നല്കിയ രണ്ട് കേസുകളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വിധി പ്രഖ്യാപിച്ചിരുന്നത്. രണ്ടും ഹൈക്കോടതി ശരിവച്ചു. അയോഗ്യയായക്കപ്പെട്ടതിനാല് ഇനിയുള്ള ആറ് വര്‍ഷക്കാലം ഒരു തെരഞ്ഞെടുപ്പിലും പ്രമീള ഗിരീഷ്കുമാറിന് മത്സരിക്കാന്‍ കഴിയില്ല.