കൊച്ചി: പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി. രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി എം.കെ. നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും മൂന്ന് വർഷം തടവിനും എൻഐഎ കോടതി വിധിച്ചു.
ഒന്നാം പ്രതിയ്ക്കെതിരെ 16 കുറ്റങ്ങൾ, രണ്ടാം പ്രതിയ്ക്കും മൂന്നാം പ്രതിയ്ക്കുമെതിരെ ചുമത്തിയ 11 കുറ്റങ്ങൾ തുടങ്ങിയവയിൽ ശിക്ഷാവിധി നടത്തി കൊണ്ടാണ് മൂന്ന് പേർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. യുഎപിഐ പ്രകാരമാണ് ജീവപര്യന്തം ശിക്ഷ. വധശ്രമം, ഭീകരപ്രവർത്തനം, ഗൂഢാലോചന ഉൾപ്പെടെയാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
നാല് ലക്ഷം രൂപ പ്രൊഫ. ടിജെ ജോസഫിന് നൽകാനും കോടതി വിധിച്ചു. ചെയ്ത ഓരോ കുറ്റത്തിനും പിഴ നിശ്ചയിച്ചിരുന്നു. ഇതിന് പുറമേയാണ് തുക നൽകാൻ വിധിച്ചത്. സ്ഫോടക വസ്തു നിയമ പ്രകാരം പത്ത് വർഷത്തെ ശിക്ഷയാണ് സജിൽ, നാസർ, നജീബ് എന്നിവർക്ക് ലഭിക്കുക. തടഞ്ഞുവെച്ചതിന് മൂന്ന് വർഷവും ആക്രമിച്ചതിന് അഞ്ച് വർഷവുമാണ് ശിക്ഷ വിധിച്ചത്.
ചോദ്യപേപ്പറിലെ മത നിന്ദയാരോപിച്ച് പോപ്പുലർ ഫ്രണ്ടിന്റെ മേൽനോട്ടത്തിൽ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈകൾ താലിബാൻ രീതിയിൽ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷൻ കേസ്. രണ്ടാംഘട്ട വിസ്താരം പൂർത്തിയാക്കിയ കൊച്ചിയിലെ എൻ ഐ എ കോടതി അഞ്ചുപേരെ ഇന്നലെ വെറുതെ വിട്ടിരുന്നു.
പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റുന്നതിന് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത, ടിജെ ജോസഫിന്റെ കൈ പിടിച്ച് കൊടുത്ത സജിൽ, എല്ലാത്തിന്റെയും സൂത്രധാരനായ പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ നാസർ, ആസൂത്രണത്തിൽ പങ്കുളള നജീബ് എന്നിവർക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. കൃത്യത്തിന് ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചതിനാണ് മറ്റു മൂന്നു പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫ് തയാറാക്കിയ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ.