കൊച്ചി: കേരള സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ അംഗീകാരം ഉള്ള സ്പോർട്സ് സംഘടനകളുടെ കളിക്കാർക്ക് മാത്രമേ ഗ്രേസ് മാർക്കിന് അർഹതയുള്ളൂ കേരള ഹൈക്കോടതി. കേരള സംസ്ഥാന സൈക്കിൾ പോളോ അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. വർഷങ്ങളായി നടന്നുവന്ന തർക്കങ്ങൾക്ക് ഇതോടെ പരിഹാരമായി.
കേരള സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ അംഗീകാരം ഉള്ള സ്പോർട്സ് സംഘടനയാണ് കേരള സൈക്കിൾ പോളോ അസോസിയേഷൻ. എന്നാൽ ഫെഡറേഷനുമായി തർക്കം നിലനിൽക്കുന്നതിനാലും മറ്റൊരു സംഘടനയെ ഫെഡറേഷൻ അംഗീകരിച്ചതിനാലും കളിക്കാർക്ക് കിട്ടേണ്ട നിയപരമായ ഗ്രേസ് മാർക്ക് ആർക്കു നൽകണം എന്നത് തർക്കത്തിൽ നിൽക്കുകയായിരുന്നു. കൂടാതെ കേരള സ്പോർട്സ് ചട്ടം 2000, അതിനോടനുബന്ധിച്ചുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഫെഡറേഷൻ അംഗീകരിക്കേണ്ടതാണെന്നും കേസിൽ കോടതി ഉത്തരവിട്ടു.
ഒന്നിൽ കൂടുതൽ സ്പോർട്സ് സംഘടനകൾ സംസ്ഥാനത്തിൽ പാടില്ലെന്നുള്ള ചട്ടവും ദേശീയ കായിക ഉന്നമന നിർദ്ദേശം 2011 ഇൽ പറഞ്ഞിരിക്കുന്നത് പൊലെ സംസ്ഥാന സ്പോർട്സ് കൌൺസിൽ അംഗീകരിച്ച സംസ്ഥാന കായിക സംഘടനകൾക്ക് മാത്രമേ ഫെഡറേഷനുകൾ അംഗീകാരം നൽകാവൂ എന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ സ്പോർട്സ് നിയമപ്രകാരം പുറപ്പെടുവിക്കുന്ന എല്ലാ നിർദ്ദേശങ്ങളും ദേശീയ ഫെഡറേഷനുകൾ പാലിക്കണം എന്നും കോടതി വ്യക്തമാക്കി.
ഇതോടൊപ്പം സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള എന്ന സംഘടന സ്പോർട്സ് കൌൺസിൽ അംഗീകാരം ലഭിക്കുന്നതിന് വേണ്ടി കൊടുത്ത റിട്ട് ഹർജി കോടതി തള്ളി. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന് കൂടുതൽ കരുത്തും ഊർജ്ജവും പകരുന്ന തീരുമാനമാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്.