തൊടുപുഴ : നാലുവയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ അമ്മയുടെ കാമുകനായ പ്രതിക്ക് 21 വര്‍ഷം തടവ്. തിരുവനന്തപുരം കവടിയാര്‍ സ്വദേശി അരുണ്‍ ആനന്ദി (36) നെതിരെയാണ് മുട്ടം പോക്സോ കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 21 വര്‍ഷം തടവും 3,81,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ 15 വര്‍ഷമായി അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. കുട്ടിയുടെ മൂത്ത സഹോദരനെ കൊലപ്പെടുത്തിയ കേസിലും അരുണ്‍ ആനന്ദ് പ്രതിയാണ്.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികളുടെ അമ്മയുടെ സുഹൃത്താണ് അരുണ്‍ ആനന്ദ്. ഇവരുടെ അച്ഛന്റെ മരണശേഷം അമ്മയ്ക്കൊപ്പം ഇയാള്‍ താമസിച്ചുവരികയായിരുന്നു. മാര്‍ച്ചില്‍ ഏഴുവയസുള്ള മൂത്തകുട്ടിയെ തലയോട്ടിക്കു ഗുരുതര പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. ഈ സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ്, ഇളയകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോക്സോ പ്രകാരം കേസെടുത്തു പ്രതി അരുണ്‍ ആനന്ദിനെ അറസ്റ്റു ചെയ്യുകയായിരുന്നു. പരിക്കേറ്റ മൂത്തകുട്ടി ഏപ്രില്‍ ആദ്യവാരം മരണത്തിനു കീഴടങ്ങി. മൂത്തകുട്ടിയും ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. സംഭവത്തില്‍ അറസ്റ്റിലായ പ്രതി നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.