കൊച്ചി: പത്രപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാംതൂണിന്റെ ഭാഗമാണെന്നും അവരുടെ മൊബൈല്‍ഫോണുകള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ പോലീസ് പിടിച്ചെടുക്കരുതെന്നും ഹൈക്കോടതി. പോലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ വിട്ടുതരാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് മംഗളം ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പത്തനംതിട്ട സ്വദേശി ജി. വിശാഖന് നല്കിയ ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ഇക്കാര്യം വ്യക്തമാക്കിയത്.
പത്രപ്രവര്ത്തകന് ഒട്ടേറെ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭിക്കുന്നുണ്ടാകും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏത് വാര്‍ത്തയാണ് പ്രസിദ്ധീകരിക്കേണ്ടത്നസംപ്രേഷണം ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നത്. ഒരു കുറ്റകൃത്യത്തെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചുയെന്നതിന്റെ പേരില്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ മൊബൈല്‍ഫോണ്‍ പിടിച്ചെടുക്കാനാകില്ല.
ഹര്‍ജിക്കാരനെയും കുടുംബാംഗങ്ങളെയും ദ്രോഹിക്കുന്നുയെന്നാണ് പരാതി. അതൊരിക്കലും അനുവദിക്കാനാകില്ല. താന്‍ പ്രതിയോ സാക്ഷിയോ അല്ലെന്ന ഹര്‍ജിയില്‍ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ മൊബൈല്‍ഫോണ്‍ പിടിച്ചെടുക്കാനുണ്ടായ സാഹചര്യം എന്താണെന്നതില്‍ പത്തനംതിട്ട സ്റ്റേഷന് ഹൗസ് ഓഫീസറില്‍നിന്ന് വിശദീകരണം തേടി. ഹര്‍ജി ജൂലായ് 21-ന് വീണ്ടും പരിഗണിക്കും.