സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കര്‍ദിനാള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് കര്‍ദ്ദിനാള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. 7 കേസുകളില്‍ ആണ് കര്‍ദിനാളിനോട് വിചാരണ നേരിടാന്‍ നേരത്തെ കാക്കനാട് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്.
ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഇടനിലക്കാര്‍ക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.
സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.
കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഭൂമിയിടപാടില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഇടപാടുകള്‍ കാനോന്‍ നിയമ പ്രകാരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കേസില്‍ നേരത്തെ പൊലീസ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2020ല്‍ വിചാരണ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലും സമര്‍പ്പിച്ചിരിക്കുന്നത്.