തിരുവനന്തപുരം: അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി. പ്രതികള്‍ക്ക് നിയമവിരുദ്ധപരോള് അനുവദിച്ചതില്‍ ഹൈക്കോടതിയില്‍ ആണ് ജോമോന് പുത്തന്‍ പുരയ്ക്കല്‍ ഹർജി നൽകിയത്. പ്രതികൾക്ക് 90 ദിവസം പരോൾ അനുവദിച്ചത് സുപ്രീം കോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റി ആണെന്ന ജയിൽ ഡിജിപിയുടെ വിശദീകരണം കളവാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ജയിൽ ഹൈപവർ കമ്മിറ്റി 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചിട്ടുളളത്. അഭയ കേസിലെ പ്രതികൾക്ക് ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിട്ടില്ലെന്നും കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈപവർ കമ്മിറ്റി അധ്യക്ഷനുമായ ജസ്റ്റിസ് സി.റ്റി.രവികുമാറിൻ്റെ ഉത്തരവിൻ്റെ കോപ്പിയും ഹർജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഹര്‍ജി നാളത്തേക്ക് ഹൈക്കോടതി പരിഗണിച്ചേക്കും.