കൊച്ചി:ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് പരോള്‍. 15 ദിവസത്തെ പരോളാണ് ഹൈക്കോടതി അനുവദിച്ചത്. പരോള്‍ അനുവദിക്കരുതെന്ന സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവന്, പി.വി.ബാലകൃഷ്ണന് എന്നിവരുടെ ബിധി.
ഭര്‍ത്താവിന് 30 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ട് നിഷാമിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളിക്കളഞ്ഞു. നിഷാമും സഹോദരങ്ങളുമായി സ്വത്തു തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തടവുപുള്ളിയെ പുറത്തു വിട്ടാല്‍ സാഹചര്യം മോശമാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു പരോള്‍ നിഷേധിച്ചത്. മാത്രമല്ല, ജയില്‍ അധികൃതരുമായുണ്ടായ മോശം സാഹചര്യങ്ങളെ തുടര്‍ന്നാണ് നിഷാമിനെ വിയ്യൂര്‍ ജയിലിലേക്ക് സ്ഥലം മാറ്റിയതെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി.
സര്‍ക്കാര്‍ വാദം പരോള്‍ അനുവദിക്കാതിരിക്കാന്‍ മതിയായ കാരണമല്ലെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. പൊലീസ് റിപ്പോര്‍ട്ട് എതിരാണ് എന്നത് ഇവിടെ പരോള്‍ നിഷേധിക്കാന്‍ പര്യാപ്തമല്ല. തടവുകാരന് പുറത്തു പോയാല്‍ അവിടെ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പറയുന്നതിനു പകരം അതുണ്ടാകാതെ നോക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, പ്രൊബേഷന്‍ ഓഫിസര്‍ പരോള്‍ അനുവദിക്കുന്നതിന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയതിന്റെ പേരില്‍ നിഷാമിനെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2015 മുതല്‍ തുടര്‍ച്ചയായി ജയിലില്‍ ആണെന്നും ഇതിനിടയില്‍ ഏതാനും തവണ ഇടക്കാല ജാമ്യം ലഭിച്ചത് ഒഴിച്ചാല്‍ പരോള്‍ ലഭിച്ചിട്ടില്ലെന്നും നിഷാം ചൂണ്ടിക്കാട്ടിയിരുന്നു. തടവുകാരന് വര്‍ഷം 60 ദിവസം പുറത്തു നില്ക്കാന് വ്യവസ്ഥയുണ്ട്. അതുകൊണ്ട് നിഷാമിന് നിയമപരമായി പരോള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമുള്ള വാദം അംഗീകരിച്ചുകൊണ്ടാണ് 15 ദിവസത്തെ പരോള്‍ അനുവദിച്ചത്. 2015ല്‍ തൃശൂരിലെ താമസ സ്ഥലത്ത് സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് വീഴ്ത്തി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് നിഷാം.