പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎക്ക് തിരിച്ചടി. അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കൊച്ചി എന്‍ഐഎ പ്രത്യേക കോടതി തള്ളി. അലന് ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് എന്‍ഐഎ ജാമ്യം റദ്ദാക്കണമെന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
സമൂഹ മാധ്യമങ്ങളില്‍ അലന് ഷുഹൈബ് ചില പോസ്റ്റുകളും വീഡിയോയും ഷെയറു ചെയ്യുന്നുവെന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നുമായിരുന്നു എന്‍ഐഎ കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അലന് എഴുതുന്ന പോസ്റ്റുകളല്ല ഇതൊന്നുമെന്നും ആ രീതിയില്‍ ജാമ്യം റദ്ദാക്കാന്‍ കഴിയില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം. കേസില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് എന്‍ഐഎ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
അലനെയും ത്വാഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത് 2019 നവംബര്‍ മാസത്തിലായിരുന്നു. ഇരുവര്‍ക്കുമെതിരെ യു.എ.പി.എയും ചുമത്തി. പിന്നീട് കേസ് എന്‍.ഐ.എ ഏറ്റെടുത്തു. എന്നാല്‍ പ്രാഥമിക തെളിവ് പോലും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എന്‍.ഐ.എ കോടതി ഇരുവര്‍ക്കും ജാമ്യം നല്കി. ഇതില്‍ ത്വാഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയെങ്കിലും അലനെ ജാമ്യത്തില്‍ തുടരാന്‍ അനുവദിച്ചു. പിന്നീട് ത്വാഹക്കും മേല്‍കോടതി ജാമ്യം അനുവദിച്ചിരുന്നു