കൊച്ചി ; കോവിഡ് ചികിത്സയുടെ മറവില്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ കൊള്ളക്കെതിരെ ആശ്വാസമായി ഹൈക്കോടതി ഇടപെടല്‍. ഒരുവിഭാഗം സ്വകാര്യ ആശുപത്രികള്‍ സംസ്ഥാനത്ത് കൊള്ളനടത്തുകയാണെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് ചികിത്സാഫീസ് ഏകീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ആശുപത്രികളുടെ തരംതിരിവില്ലാതെ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കണം. രോഗിയോട് ഓക്സിജന്‍ ചാര്‍ജായി 45,600 രൂപ ഈടാക്കിയ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയുടെ ബില്‍ ഉയര്‍ത്തിക്കാട്ടിയ ഹൈക്കോടതി, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു നിര്‍ദേശിച്ചു.
ആശുപത്രികളുടെ പേരുകള്‍ ഇപ്പോള്‍ പറയുന്നില്ല,ആവശ്യമെങ്കില്‍ അതും പരസ്യമാക്കും. ചുരുങ്ങിയ ദിവസത്തേക്ക് രണ്ടും മൂന്നും ലക്ഷം രൂപ ഈടാക്കിയ ആശുപത്രികളുടെ ബില്ലുകള്‍ ലഭിച്ചിട്ടുണ്ട്. കോടതി ചൂണ്ടികാണിച്ചു.
പിപിഇ കിറ്റിനായി അമിത തുക ഈടാക്കുന്നുണ്ട്. പിപിഇ കിറ്റിന് 2 ദിവസത്തേക്ക് 16,000, 17,000 രൂപ ഈടാക്കുന്ന ആശുപത്രിയുണ്ട്. 21,420 രൂപ ഈടാക്കിയ ബില്ലും കോടതി പ്രദര്‍ശിപ്പിച്ചു. പിപിഇ കിറ്റിന് ഉള്‍പ്പെടെ ഓരോരുത്തരില്‍ നിന്ന് പ്രത്യേകമായി ഈടാക്കാതെ, ആനുപാതികമായി ഈടാക്കാനുള്ള വ്യവസ്ഥ സര്‍ക്കാര്‍ ഉത്തരവിലുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.
കോവിഡ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സെക്ടറല്‍ മജിസ്ട്രേട്ടുമാരെ നിയമിച്ചതുപോലെ ആശുപത്രികളെ നിരീക്ഷിക്കാനും ഇവരെ നിയോഗിക്കണമെന്ന പരാതിക്കാരന്റെ ആവശ്യം പരിഗണിക്കാന്‍ നിര്‍ദേശം നല്കി. കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിശ്ചയിച്ച ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മാതൃക സര്‍ക്കാരിനു പരിഗണിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സാനിരക്ക് 3 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ നിശ്ചയിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.