കൊച്ചി: വ്യാജ ലഹരിക്കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയ്ക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി ഒഴിവാക്കി. കേസ് റദ്ദാക്കണമെന്ന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. മാരക മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാംപ് കൈവശം വെച്ചെന്നാരോപിച്ചാണ് ഷീലയെ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് 72 ദിവസമാണ് ഷീല ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിഞ്ഞത്. ഷീലയുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത വസ്തു ലഹരിപദാര്്ത്ഥമല്ലെന്ന് വ്യക്തമാക്കുന്ന ലാബ് പരിശോധന ഫലം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.
ഷീലയ്ക്കെതിരെ കേസെടുത്ത എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സതീശന്റെ മൊഴിയും മഹസ്സര്‍ റിപ്പോര്‍ട്ടും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്നായിരുന്നു സതീശന്റെ മൊഴി. എന്നാല്‍ സ്കൂട്ടറില്‍ നിന്നിറങ്ങിയ ഷീലയെ തടഞ്ഞ് നിര്‍ത്തി പിടികൂടുകയായിരുന്നു. ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയതിന് പിന്നാലെ സതീശനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇയാളുടെ മൊബൈല്‍ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് ഷീല സണ്ണിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫോണ്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.