തിരുവനന്തപുരം: പീഡന പരാതിയിൽ അറസ്റ്റിലായ പിസി ജോർജിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷന്റെ വാദം തളളിയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
വാദം പൂർത്തിയാക്കി രണ്ട് മണിക്കൂറിന് ശേഷമാണ് ഉത്തരവുണ്ടായത്. ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും. കോടതി നൽകിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പി സി ജോർജിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ പ്രതി മത സ്പർദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണെന്നും കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചയാളാണെന്നും വ്യക്തമാക്കി. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ രാഷ്ട്രീയ സ്വാധീനമുള്ള പ്രതി ആവലാതിക്കാരിയെ യും സാക്ഷികളെയും ഭീഷണിപ്പെടുത്തും. പുറത്തിറങ്ങിയാൽ പ്രകോപന പ്രസംഗങ്ങൾ നടത്തി ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
പരാതിക്കാരിക്ക് വിശ്വാസ്യതയില്ലന്ന് പ്രതിഭാഗം വാദിച്ചു. അവര് മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ് ഇത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പി സി ജോർജിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജോർജിന്റെ അഭിഭാഷകന് വാദിച്ചു.