‘തിരുവനന്തപുരം: തനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്നും ഇനി കോടതിയിൽ കാണാമെന്നുമാണ് സ്വപ്നയുടെ വെല്ലുവിളി. 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണമെന്നാണ് തന്റെ അപേക്ഷയെന്നും സ്വപ്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണ രൂപം: ”ഗോവിന്ദൻ… കോടതിയിലേക്ക് സ്വാഗതം. ഗോവിന്ദൻ ഇനി നമുക്ക് കോടതിയിൽ കാണാം. കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു. എന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണം എന്നാണ്. ഗോവിന്ദ നെ കോടതിയിൽ വെച്ച് കാണാൻ ഞാൻ കാത്തിരിക്കുന്നു. This time it’s only in malayalam, as it is only for Mr. MALAYALEE Govindan, I want him to understand my message very clearly!!!!!”
തളിപ്പറമ്പ് ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സ്വപ്ന സുരേഷിനെതിരെ എം വി ഗോവിന്ദൻ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. നേരിട്ടെത്തിയാണ് എം വി ഗോവിന്ദൻ പരാതി നൽകിയത്. ഐപിസി 120 ബി, ഐപിസി 500 തുടങ്ങിയ വകുപ്പുകൾ പ്രകാരം സ്വപ്നയ്ക്കെതിരെ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന തനിക്ക് എം വി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. സ്വപ്ന സുരേഷിനെ ഒന്നാം പ്രതിയാക്കിയും വിജേഷ് പിള്ളയെ രണ്ടാം പ്രതിയാക്കിയും കേസെടുക്കണമെന്ന് പരാതിയിൽ എം വി ഗോവിന്ദൻ ആവശ്യപ്പെടുന്നു. പരാതി സ്വീകരിച്ച കോടതി എം വി ഗോവിന്ദന്റെ മൊഴി രേഖപ്പെടുത്തി. സാക്ഷികളെ വിസ്തരിക്കാൻ മെയ് 20ലേക്കാണ് കേസ് വെച്ചിരിക്കുന്നത്.ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും തന്റെ വ്യക്തി ജീവിതത്തെ കരിനിഴലിൽ ആക്കിയെന്നും 10 കോടിരൂപ നഷ്ടപരിഹാരം വേണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു