ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബ്രിന്‍ഡ്കോ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും മദ്യ വ്യവസായിയുമായ അമന്‍ദീപ് ദാലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അമന്‍ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ബുധനാഴ്ച രാത്രിയിലാണ് ഇയാലെ കസ്റ്റഡിയില്‍ എടുത്തത്. കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ആരോഗ്യ മന്ത്രിയായിരുന്ന സത്യേന്ദര്‍ ജെയിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇരുവരും മന്ത്രിസഭയിലെ തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു.
ഡല്‍ഹി സര്‍ക്കാരിന്റെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും എഎപി ഭാരവാഹി വിജയ് നായര്‍, മനോജ് റായ്, അമന്‍ദീപ് ദാല്‍, സമീര്‍ മഹന്ദ്രു എന്നിവര്‍ സജീവമായി പങ്കെടുത്തിരുന്നതായി സിബിഐ എഫ്ഐആറില്‍ പറയുന്നു. സിബിഐ സമര്‍പ്പിച്ച എഫ്ഐആറില്‍ നിന്നാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണം ആരംഭിച്ചത്.