ന്യൂഡല്‍ഹി: ആരുടേയും ഭീഷണിക്ക് വഴങ്ങില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ജഡ്ജി ആയിരുന്ന കഴിഞ്ഞ 22 വര്‍ഷം ആരുടെയും ഭീഷണിക്ക് വഴങ്ങിയിട്ടില്ലെന്നും അവശേഷിക്കുന്ന രണ്ട് വര്‍ഷവും ആര്‍ക്കും വഴങ്ങില്ലന്നും അദ്ധേഹം പറഞ്ഞു. സുപ്രീം കോടതിക്ക് ലഭിച്ച 1.33 ഏക്കര്‍ ഭൂമി അഭിഭാഷകരുടെ ചേംബര്‍ പണിയുന്നതിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് വികാസ് സിംഗ് ശബ്ദമുയര്‍ത്തി ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഭീഷണിക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയത്.
ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് ഇന്നും വികാസ് സിംഗ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അഭിഭാഷകരുമായി എത്തി ജഡ്ജിമാരുടെ വസതികള്‍ക്ക് മുന്നില്‍ ധര്‍ണ്ണ ഇരിക്കുമെന്നും വികാസ് സിംഗ് പറഞ്ഞു. തുടര്‍ന്ന ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വികാസ് സിങിനോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു.