കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വാസിക.
സിനിമക്ക് പുറമേ സീരിയലുകളിലും നിറസാനിധ്യമായ സ്വാസിക പുതിയ സീരിയലിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.
![RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY](http://rashtradeepam.com/wp-content/uploads/2020/12/swasika.jpg)
♦ മനം പോലെ മംഗല്യം എന്ന സീരിയലിനെപ്പറ്റി സ്വാസികക്ക് എന്താണ് പറയാനുള്ളത്?
നമ്മള് വര്‍ഷങ്ങളായി മലയാള സീരിയലുകളില്‍ കണ്ടു വരുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാതന്തുവാണ് മനംപോലെ മംഗല്യത്തിന്റേത്. സാധാരണമായി കണ്ടുവരുന്ന സീരിയലുകളിലെപ്പോലെ അമ്മായിമ്മ-മരുമകള്‍,ഭാര്യ-ഭര്‍ത്താവ് കഥകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഈ കാലഘട്ടത്തിനു യോജിക്കുന്ന രീതിയില്‍ പുരോഗമനപരമായ ആശയം പങ്കു വെക്കുന്ന ഒരു കഥയാണ് മനംപോലെ മംഗല്യത്തിന്റേത്.
♦ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മിനിസ്ക്രീനിലേക്ക് തിരിച്ചു വരുമ്പോള്‍ എന്താണ് തോന്നുന്നത്?
രണ്ട് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ വീണ്ടും സീരിയല്‍ ചെയ്യുന്നത്. തീര്‍ച്ചയായും നല്ലൊരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുയായിരുന്നു. സീരിയലുകളുടെ മേന്മ എന്തെന്നാല്‍ അതിലെ കഥാപാത്രങ്ങള്‍ എന്നും എപ്പോഴും ആള്‍ക്കാരുടെ മനസ്സില്‍ ഉണ്ടായിരിക്കും. അത് കൊണ്ട് തന്നെ ഇടവേള എടുത്തു എന്ന് തോന്നുന്നില്ല. കൂടാതെ എന്റെ ആദ്യ സീരിയലിന്റെ ഡയറക്ടറും ഗുരുവും കൂടിയായ എ എം നസീര്‍ സാറിന്റെ സീരിയലില്‍ കൂടെ തന്നെ തിരിച്ചു വരാന്‍ സാധിച്ചതില്‍ വളരെയേറെ സന്തോഷമുണ്ട്.
♦ ഈ കഥാപാത്രം തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ് ?
മുന്‍പ് ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ കൂടുതലും എന്റെ യാഥാര്‍ഥ്യങ്ങളില്‍ നിന്നും മാറി ഒരു കണ്ണീര് നായിക ഇമേജുള്ളവയായിരുന്നു.പക്ഷെ ഈ സീരിയലില്‍ ഈ കാലഘട്ടത്തിനു യോജിക്കുന്ന ചിന്തകളും തീരുമാനങ്ങളും ഉള്ള രസകരമായ ഒരു കഥാപാത്രമാണുള്ളത്. സീരിയലുകളില്‍ അങ്ങനെയൊരു കഥാപാത്രം കിട്ടുക എന്നത് വളരെ അപൂര്‍വ്വമാണ്. അതാണ് എന്നെ ഈ കഥാപാത്രം തിരഞ്ഞെടുക്കാന്‍ പ്രോത്സാഹിപ്പിച്ചത്.
♦ ഈ കഥാപാത്രത്തിന്റെ എടുത്തു പറയാനുള്ള പ്രത്യേകത എന്തായിട്ടാണ് സ്വാസികയ്ക്കു തോന്നിയത്?
പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് പലയിടത്തും അതിപ്പോള്‍ പല സാഹചര്യങ്ങള്‍ ആണെങ്കിലും സംസാരശൈലി ആണെങ്കിലും അവിടെയൊക്കെ നമ്മളെ തന്നെ കാണാന്‍ കഴിയുന്ന തരത്തിലുള്ള ഒരു കഥാപാത്രം ആണിത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി തികച്ചും രസകരമായ, പോസിറ്റീവായ ചിന്താരീതികളുള്ള ഒരു നായികാ കഥാപാത്രം.
♦ സീരിയലിന്റെ കഥാതന്തു സമൂഹത്തെ എങ്ങനെ സ്വാധീനിക്കും എന്നതിനെപ്പറ്റി ?
മലയാള സീരിയല്‍ ചരിത്രത്തില്‍ ഇങ്ങനൊരു കഥ ഇത് വരേയും വന്നിട്ടില്ല. പുരോഗമനപരമായ,പോസിറ്റീവായ ഒരു ചിന്ത ആളുകളിലേക്കെത്തിക്കുക എന്ന ഒരു ശ്രമമാണ് നമ്മള് ഈ സീരിയലിലൂടെ നടത്തുന്നത്. എങ്ങനെ ജീവിക്കണം എന്ത് തീരുമാനമെടുക്കണം എന്നതിലൊക്കെ സ്ത്രീകളുടെ മേല്‍ സമൂഹത്തിനെപ്പോഴും അളവുകോലുകള്‍ ഉണ്ട്. അതില്‍ തന്നെ ഒരുപാട് ആളുകള്‍ മാറി ചിന്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. വിധവയായിട്ടുള്ള സ്ത്രീകളുടെ ജീവിതം പലപ്പോഴും സമൂഹത്തിന്റെ നിയന്ത്രണത്തിലാവാറുണ്ട് . എല്ലാവര്ക്കും ഒരു ജീവിതം ഉണ്ട് പ്രായത്തിനപ്പുറം സമൂഹത്തിന്റെ പിന്തുണ കൂടിയുണ്ടെങ്കില്‍ എല്ലാവരുടെയും ജീവിതം മനോഹരമാകും. യഥാര്‍ത്ഥ ജീവിതത്തിലും ഇതേ പോലെയുള്ള കഥകള്‍ യാഥാര്‍ഥ്യമാകും. കാരണം ഒരുപാട് പേരെ എനിക്ക് നേരിട്ടറിയാം. ഈയിടെ സമൂഹമാധ്യമങ്ങളിലും ഇതേ പോലുള്ള നല്ല വാര്‍ത്തകള്‍ നമ്മള് കണ്ടിരുന്നു . നല്ല മാറ്റങ്ങള്‍ എന്നും ആവശ്യം തന്നെയാണ്.
♦ സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ എന്താണ് തോന്നിയത് ?
ശരിക്കും അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യമായിരുന്നു അത്. ഫീച്ചര്‍ ഫിലിം ആയതു കൊണ്ട് ചെയ്തോണ്ടിരിക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കപ്പെടണം എന്ന് ആഗ്രഹിച്ചിട്ടുണ്ടായിരുന്നു. ഭാഗ്യവശാല്‍ ഞങ്ങളുടെ സിനിമയ്ക്കു 3 അവാര്‍ഡുകള്‍ കിട്ടി. നല്ലൊരു കാര്യമാണ് സംഭവിച്ചത്. അവാര്‍ഡ് കിട്ടി എന്നത് കൊണ്ട് ജീവിത ശൈലിയില്‍ വലിയ മാറ്റങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല.
♦ ഏത് പ്രായത്തിലും പ്രണയം സംഭവിക്കാമെന്നു സ്വാസിക വിശ്വസിക്കുന്നുണ്ടോ?
തീര്‍ച്ചയായും. പ്രണയത്തിനു അതിര്‍വരമ്പുകളില്ല. പ്രായത്തിനും സൗന്ദര്യത്തിനുമൊക്കെ അതീതമായി പ്രണയത്തിനുള്ള സ്വാഭാവികത മനസ്സിലാക്കേണ്ടതാണ്. കുറച്ച പ്രായമായിക്കഴിഞ്ഞതിനു ശേഷം രണ്ടു പേര് പ്രണയിക്കുന്നു എന്നത് വളരെ മനോഹരമായാണ് ഈ സീരിയലില്‍ ചിത്രീകരിച്ചിരിക്കുന്നത്.
♦ ഈ കഥ കേട്ട് കഴിഞ്ഞപ്പോള്‍ എന്താണ് മനസ്സില്‍ ആദ്യം വന്നത്?
മരുമകള്‍ പിന്തുണക്കുന്ന അമ്മായിയമ്മ അല്ലെങ്കില്‍ വെറുപ്പ് കലരാത്ത അമ്മായിയമ്മ- മരുമകള്‍ ബന്ധം എന്ന ഒരു ആശയമാണ് എന്നെ ഈ സീരിയലിലേക്ക് ആകര്‍ഷിച്ചത്. പോസിറ്റീവ് ആയ രീതിയില്‍ ആളുകളെ സ്വാധീനിക്കാന്‍ കഴിയും എന്നതും ഈ സീരിയലിന്റെ ഒരു പ്രത്യേകതയാണ്.
♦ കൂടെ അഭിനയിച്ച ആര്‍ട്ടിസ്റ്റുകളെപ്പറ്റി എന്താണ് പറയാനുള്ളത്?
മീര ചേച്ചി , ശ്രീകാന്ത്, നിയാസ് ഇക്ക എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പരിചയപ്പെട്ടിട്ട് കുറച്ചു നാളെ ആയുള്ളെങ്കിലും എല്ലാവരുമായും ഞാന്‍ നല്ല സൗഹൃദമായിരുന്നു. ലൊക്കേഷനിലും എല്ലാവരുമായി രസകരമായ അനുഭവങ്ങളാണുണ്ടായിരുന്നത്.
♦ 2020 എന്ന വര്‍ഷം സ്വാസികയ്ക്കു എങ്ങനെ ഉണ്ടായിരുന്നു?
2020 എനിക്ക് വളരെ നല്ല വര്‍ഷമായി തോന്നി. എന്തെന്നാല്‍ 2020ല്‍ ആണ് സ്റ്റേറ്റ് അവാര്‍ഡ് എന്ന കാര്യം എന്റെ ജീവിതത്തില്‍ സംഭവിച്ചത്. ഒക്ടോബര്‍ 13 രാവിലെ 10:30 നു സംസ്ഥാന അവാര്‍ഡ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്ന ആ നിമിഷം എന്നും പ്രിയപ്പെട്ടതായിരിക്കും. കൂടുതല്‍ ആളുകളേയും കോറോണയുടെ ബുദ്ധിമുട്ടുകള്‍ ബാധിച്ചിരുന്നെങ്കിലും ദൈവാനുഗ്രഹത്താല്‍ നല്ല സന്തോഷങ്ങളാണ് 2020 ല്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചത്.
♦ സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ സ്വാസികയുടെ പ്രതികരണം എന്തായിരുന്നു?
വാക്കുകളില്‍ പ്രകടിപ്പിക്കാവുന്നതിനപ്പുറമുള്ള ഒരു അനുഭവമായിരുന്നു എനിക്കത്. ഒട്ടും പ്രതീക്ഷിക്കാതെ ഇങ്ങനൊരു അംഗീകാരം ലഭിച്ചപ്പോള്‍ ഒരുപാട് സന്തോഷമായി. ഒരുപാട് പേര് വിളിക്കുന്നു, അഭിനന്ദിക്കുന്നു ശരിക്കും ഒരു സ്വപ്നലോകത്തില്‍ നില്ക്കുന്ന പോലെയുള്ള അനുഭവമായിരുന്നു അത്.
♦ മിനിസ്ക്രീനിലേക്ക് തിരികെ എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതികരണം എന്താണ് ?
സാധാരണയായി ഞാന്‍ ചെയ്തു വരുന്ന കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് മനം പോലെ മംഗല്യത്തിലേത്. അത് കൊണ്ട് തന്നെ പ്രേക്ഷകര്‍ ഈ കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കും എന്ന ആകാംക്ഷയുണ്ട്. കൂടുതല്‍ പേര്‍ക്കും നാടന്‍ കഥാപാത്രമായി എന്നെക്കാണാനാണ് ഇഷ്ടം. പക്ഷെ അതില്‍ നിന്നൊക്കെ വ്യത്യസ്തമായാണ് എന്റെ കഥാപാത്രത്തെ ഈ സീരിയലില്‍ അവതരിപ്പിച്ചിരിക്കുന്നത്.