കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2021 ഫെബ്രുവരി 10 മുതല്‍ 14 വരെ തിരുവനന്തപുരത്ത് നടത്തുന്ന 25ാമത് ഐ.എഫ്.എഫ്.കെയുടെ സംഘാടക സമിതി രൂപീകരിച്ചു. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പിയ ചേംബറില്‍ നടന്ന യോഗം മേയര്‍ ആര്യാ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. കോവിഡ് എന്ന മഹാമാരിയുടെ കാലത്ത് എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരം നഗരസഭയുടെ പൂര്‍ണപിന്തുണയും സഹകരണവും മേയര്‍ വാഗ്ദാനം ചെയ്തു.
ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ അധ്യക്ഷത വഹിച്ചു. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി എന്നീ ആറു തിയേറ്ററുകളിലായിരിക്കും മേള നടക്കുക. ഓരോ പ്രദര്‍ശനം കഴിയുമ്പോഴും തിയേറ്ററുകള്‍ അണുവിമുക്തമാക്കും. അതിനാല്‍ ഒരു തിയേറ്ററില്‍ പ്രതിദിനം നാലുഷോകള് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. സീറ്റ് നമ്പര്‍ അടക്കം ഈ റിസര്‍വേഷനില്‍ ലഭിക്കും. ഡെലിഗേറ്റ് ഫീസ് പൊതു വിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമായി കുറച്ചിട്ടുണ്ട്. മേള സംഘടിപ്പിക്കുന്ന ഇടങ്ങളില്‍ എല്ലാം ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനു മുമ്പ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ചലച്ചിത്ര അക്കാദമി ഒരുക്കുന്നതാണ്. കോവിഡ് നെഗറ്റീവ് ആണ് എന്നുള്ള സര്‍ട്ടിഫിക്കറ്റ് (മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ടെസ്റ്റ് ചെയ്തത്) ഹാജരാക്കുന്നവര്‍ക്കും പാസ് അനുവദിക്കുന്നതാണ്. ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്കു മാത്രമേ ഡെലിഗേറ്റ് പാസ് അനുവദിക്കുകയുള്ളൂ എന്നും കമല്‍ വിശദീകരിച്ചു.
മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണുമായ ബീനാപോള്‍ 25ാമത് ഐ.എഫ്.എഫ്.കെയുടെ പാക്കേജിനെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാര്‍, കെ.ടി.ഡി.സി ചെയര്മാന് എം.വിജയകുമാര്‍, ചലച്ചിത്ര അക്കാദമി എക്സിക്യുട്ടീവ് ബോര്‍ഡ് അംഗം വി.കെ ജോസഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം അനില്‍ നാഗേന്ദ്രന് സ്വാഗതവും ട്രഷറര്‍ സന്തോഷ് ജേക്കബ് നന്ദിയും പറഞ്ഞു.