കൊച്ചി: പ്രൊഡക്ഷന്‍ കണ്ട്രോളര് മോശമായി പെരുമാറിയെന്ന ആരോപണവുമായി യുവനടി രംഗത്ത്. കൊച്ചിയില്‍ ഡബ്ല്യു.സി.സിയുടെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പുതമുഖ നടിയായ അര്‍ച്ചന പദ്മിനി ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടി നായകനായി അഭിനയിച്ച പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന ഷെറിന് സ്റ്റാന്‍ലിയാണ് തന്നോട് മോശമായി പെരുമാറിയതെന്ന് അര്‍ച്ചന പദ്മിനി പറഞ്ഞു.
സിനിമയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവവുമായി ബന്ധപ്പെട്ട് ഫെഫ്ക്കയ്ക്ക് രണ്ട് തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അര്‍ച്ചന പറയുന്നു. ബി.ഉണ്ണിക്കൃഷ്ണനാണ് പരാതി നല്‍കിയത്. എന്നാല്‍ അയാള്‍ ഇപ്പോഴും സിനിമ മേഖലയില്‍ സജീവമാണ്. അതേസമയം, തനിക്ക് ഇപ്പോള്‍ സിനിമകളൊന്നുമില്ലെന്നും അര്‍ച്ചന വ്യക്തമാക്കി.
സോഹന്‍ സീനുലാല്‍ എന്ന നടന്റെ നേതൃത്വത്തിലാണ് ഫെഫ്കയുമായി സമാധാന ചര്‍ച്ച നടത്തിയതെന്നും ബി. ഉണ്ണികൃഷ്?ണന്, സിബി മലയില്‍ എന്നിവരും ഉണ്ടായിരുന്നതായും അവര്‍ പറഞ്ഞു. സിനിമയില്‍ മുന്‍നിരയിലുണ്ടായ നടി സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയപ്പോള്‍ നിശബ്ദമായ സംഘടന ചെറിയ വേഷം കൈകാര്യം ചെയ്യുന്ന തന്റെ അവസ്ഥ എന്തായിരിക്കുമെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. പൊലീസിനെ അറിയിച്ചോ എന്ന ചോദ്യത്തിന് വീണ്ടുമൊരു വെര്‍ബല്‍ റേപ്പിന് പാത്രമാകാന്‍ താല്പര്യമില്ലെന്നും അര്‍ച്ചന പറഞ്ഞു.