കൊച്ചി: മഴക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങളായ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും 25 ലക്ഷം രൂപ നൽകി. എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ളയ്ക്ക് മമ്മൂട്ടി നേരിട്ടെത്തിയാണ് തുക കൈമാറിയത്. നടൻ മോഹൻലാലും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ സന്ദർശിച്ചശേഷമാകും ലാൽ തുക കൈമാറുക.
കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പടെ എല്ലാവർക്കും ഉപയോഗിക്കാനാവുന്ന 15 ലക്ഷം രൂപയിൽ കുറയാത്ത തുകയ്ക്കുള്ള പുതു വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകൾക്ക് കൈമാറണമെന്ന് താൻ ബ്രാൻഡ് അംബാസിഡർ ആയ എം.സി.ആർ ഗ്രൂപ്പിനോട് മോഹൻലാൽ അഭ്യർത്ഥിച്ചിട്ടുണ്ട്