അഭിനയ രംഗത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന് ഇപ്പോള്‍ മറ്റ് ഭാഷാ ചിത്രങ്ങളിലും ശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചതിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് സുപരിചിതയായി മാറി താരം.
ഇതുവരെയും ഗോസിപ്പുകളിലൊന്നും പിടികൊടുക്കാതെ നടന്ന ഐശ്വര്യ കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിലൂടെ ചര്‍ച്ചാ വിഷയമാവുകയായിരുന്നു.
നടന് അര്ജുന് ദാസിനൊപ്പമുള്ള ചിത്രമാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. ഒരു ചുവന്ന ഹൃദയത്തിന്റെ ഇമോജിയോടൊപ്പം ഷെയര്‍ ചെയ്ത ചിത്രം ആരാധകരില്‍ സംശയം ഉണ്ടാക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ പ്രണയത്തിലാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.
”ഞാന്‍ അവസാനമായി പങ്കുവച്ച ചിത്രത്തെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു. ഇത് ഇത്രയും വലിയ ചര്‍ച്ചയാകുമെന്ന് വിചാരിച്ചില്ല. ഞങ്ങള്‍ കണ്ടു, ഒരു ചിത്രമെടുത്തു, അത് പോസ്റ്റ് ചെയ്തു അത്രമാത്രം. ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണ്. ഇന്നലെ മുതല്‍ എനിക്ക് മെസേജ് അയക്കുന്ന അര്ജുന് ദാസ് ആരാധകരോട് പറയാനുള്ളത് അവന് നിങ്ങളുടേത് മാത്രമാണ്” ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘കൈതി’ എന്ന ചിത്രത്തിലൂടെയാണ് അര്ജുന് ദാസ് സുപരിചിതനാകുന്നത്. ‘പുത്തന്‍ പുതു കാലയ് വിധിയാത’ എന്ന ആന്തോളജി ചിത്രത്തില്‍ ഐശ്വര്യയും അര്‍ജുനും അഭിനയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള ‘കിങ്ങ് ഓഫ് കൊത്ത’യാണ് ഐശ്വര്യയുടെ പുതിയ ചിത്രം.