കൊച്ചി: അമ്മയില്‍ നിന്ന് രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് മോഹന്‍ലാല്‍. രാജിവച്ചെന്ന് സോഷ്യല്‍ മീഡിയ പ്രചരണം നടത്തിയ നാലുപേരില്‍ രണ്ട് പേരുടെ രാജിക്കത്ത് മാത്രമെ ലഭിച്ചിട്ടുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയും രമ്യ നമ്പീശനും മാത്രമാണ് കത്ത് നല്‍കിയത്. റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടില്ല. രാജിവച്ചവരെ തിരിച്ചെടുക്കുന്ന കാര്യം ജനറല്‍ബോര്‍ഡി യോഗമാണ് തീരുമാനിക്കേണ്ടത്. ഇഷ്ടമുള്ളപ്പോള്‍ രാജിവയ്ക്കാനും പിന്നീട് തിരിച്ചു വരണമെന്നും കരുതിയാല്‍ അത് സാധ്യമാണോയെന്നും മോഹന്‍ലാല്‍ ചോദിച്ചു.
ആക്രമിക്കപ്പെട്ട നടിയെ ഇപ്പോഴും സഹായിക്കുന്നുണ്ട്. സംഘടനയിലെ പലരും അവരെ വിളിക്കുന്നുണ്ട്. ആരും അവരെ ഒഴിവാക്കുകയോ മാറ്റി നിറുത്തകയോ ചെയ്തിട്ടില്ല.
മസ്കറ്റിലെ ഷോയ്ക്ക് നടിയെ വിളിച്ചതാണ്. എന്നാല്‍, വരാന്‍ അവര്‍ തയ്യാറായില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു.