കൊച്ചി: ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനെ കത്തി വീശി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വൃദ്ധന് അറസ്റ്റില്‍. ഫോര്‍ട്ട്കൊച്ചി മൂലങ്കുഴി അത്തിക്കുഴി വീട്ടില്‍ സ്റ്റാന്‍ലി ജോസഫ് (76) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ചാക്കോ ബോബന് നേരെ വധശ്രമം ഉണ്ടായത്. റെയില്‍വേസ്റ്റേഷനില്‍ നില്‍ക്കുകയായിരുന്ന കുഞ്ചാക്കോ ബോബനെ കത്തിയുമായെത്തിയ സ്റ്റാന്‍ലി അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. കണ്ണൂരിലേക്ക് പോകാനായി മാവേലി എക്സ് പ്രസ് കാത്ത് നില്‍ക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്. ഇതിനിടെയാണ് നടനുനേരെ വധശ്രമവും അസഭ്യവര്‍ഷവും നടത്തിയത്.
ശബ്ദം കേട്ട് മറ്റു യാത്രക്കാര്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപെട്ടു. തുടര്‍ന്ന് ട്രെയിനില്‍ കണ്ണൂരിലെത്തിയതിന് ശേഷം കുഞ്ചാക്കോ ബോബന് പാലക്കാട് റെയില്‍വേ പൊലീസ് ഡിവിഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടന് താമസിക്കുന്ന ഹോട്ടലിലെത്തി മൊഴിയെടുത്തു. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇന്നലെ വൈകിട്ടോടെ സ്റ്റാന്‍ലിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മാനസിക പ്രശ്നങ്ങളുള്ളയാളാണ് സ്റ്റാന്‍ലി എന്നും മുന്‍ വൈരാഗ്യത്തിന്റെ പേരിലൊന്നുമല്ല ഇയാള്‍ നടന് നേരെ വധഭീഷണി മുഴക്കിയതെന്നും എറണാകുളം സൗത്ത് റെയില്‍വേ പൊലീസ് പറഞ്ഞു.