കൊച്ചി: മലയാളസിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പിന്തുണ ആവശ്യമില്ലെന്നു ആക്രമിക്കപ്പെട്ട നടി. കേസില്‍ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജ് വേണമെന്നാവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജിയില്‍ അമ്മ കക്ഷിചേരാന്‍ തീരുമാനിച്ചിരുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസ്, രചന നാരായണന് കുട്ടി എന്നിവരാണ് കക്ഷി ചേരാനിരുന്നത്. ഈ രണ്ടു നടികളും ഹര്‍ജിയില്‍ കക്ഷി ചേരാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മറ്റുള്ളവരുടെ പിന്തുണ തനിക്ക അവശ്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ആക്രമണത്തെ അതിജീവിച്ച നടി രംഗത്തെത്തിയിരിക്കുന്നത്.
പ്രോസിക്യൂട്ടറെ മാറ്റണമെന്ന അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഹര്‍ജിയാണ് എതിര്‍ത്തിരിക്കുന്നത്. 25 വര്‍ഷത്തെ അനുഭവ പരിചയമുള്ളവരെ കേസില്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് അമ്മ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ നടിയുടെ അഭിഭാഷകനും സര്‍ക്കാര്‍ അഭിഭാഷകനും കോടതിയില്‍ എതിര്‍ത്തു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കേസ് നന്നായി നടത്തുന്നുണ്ടെന്നും അവര്‍ വാദിച്ചു.
നടി സിനിമാസംഘടനയുടെ ഭാഗമല്ലെന്നും ഈ സാഹചര്യത്തില്‍ പിന്തുണയുടെ ആവശ്യമില്ലെന്നുമാണ് നടിയുടെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കേസ് എങ്ങിനെ മുന്നോട്ടു കൊണ്ടുപോകണമെന്നറിയാം. സിനിമയിലെന്ന പോലെ ആളുകള്‍ കൂടിയാല്‍ അത് കേസിന്റെ പുരോഗതിക്ക് നല്ലതാവില്ലെന്നും അഭിഭാഷകന് പറയുന്നു. എന്നാല്‍ ഹണിറോസും രചന നാരായണന്‍കുട്ടിയും ഹര്‍ജിയില്‍ കക്ഷി ചേരുന്നത് അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താരസംഘടന എന്ന് സ്ഥാപിക്കാനും, നടനു പിന്തുണ നല്കുന്നു എന്ന വിമര്‍ശനം ഇല്ലാതാക്കാനുമാണെന്നു സൂചനകള്‍.
വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക അതിവേഗ കോടതിയും വേണമെന്ന നടിയുടെ ആവശ്യത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. അതേസമയം ഈ അവശ്യം മുന്‍നിര്‍ത്തി നടി എറണാകുളം പ്രിനിസിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്കിയ അപേക്ഷ തള്ളിയിരുന്നു. ജില്ലയിലെ സെഷന്‍സ് കോടതിയിലോ അഡീഷണല്‍ സെഷന്‍സ് കോടതികളിലോ വനിതാ ന്യായാധിപന്‍മാരില്ലാത്തതാണ് ആവശ്യം തള്ളാന്‍ കാരണം. എന്നാല്‍ പ്രോസിക്യൂഷനൊപ്പം തന്റെ അഭിഭാഷകനെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.