ലക്ഷദ്വീപില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുകയും മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ നന്നാക്കിയും കൊടുത്താല്‍ താന്‍ കരിയര്‍ അവസാനിപ്പിച്ച് ദ്വീപിലേക്ക് മടങ്ങുമെന്ന് സംവിധായിക ആയിഷ സുല്‍ത്താന. തന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ് ദ്വീപിലെ ജനങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നതെങ്കില്‍ എല്ലാം അവസാനിപ്പിക്കുമെന്നാണ് ആയിഷ പറഞ്ഞത്.
ആയിഷയുടെ വാക്കുകള്‍: ”ലക്ഷദ്വീപിന് വേണ്ടി കേരളത്തില്‍ പ്രതിഷേധം തുടങ്ങിയത് ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ്. അത് എന്റെ പടത്തിന്റെ പ്രമോഷന് വേണ്ടിയാണെന്നും ഞാന്‍ നടീനടന്മാരെ വാടകയ്ക്കെടുത്തുവെന്നുമാണ് പ്രചരാണം. അവര്‍ക്ക് മുന്നില്‍ ഞാനൊരു ഓഫര്‍ വയ്ക്കാം. എന്റെ നേരാണ് എന്റെ തൊഴില്‍. ആ തൊഴില്‍ ഞാന്‍ മുന്നില്‍ വയ്ക്കാം. ലക്ഷദ്വീപില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട 3,000 പേര്‍ക്ക് ജോലി കൊടുക്കണം, നശിപ്പിച്ച മത്സ്യത്തൊഴിലാളികളുടെ ഷെഡ് ശരിയാക്കി കൊടുക്കണം. ഈ ഓഫര്‍ സ്വീകരിച്ചാല്‍ ഞാന്‍ ഇനി ഒരിക്കലും സിനിമ ചെയ്യില്ല.
കേരളത്തില്‍ നില്‍ക്കില്ല. ദ്വീപിലേക്ക് തിരികെ പോകാം. ഞാനാണ് എല്ലാത്തിനും തുടക്കം കുറിച്ചതെങ്കില്‍ കരിയര്‍ ഇവിടെ കൊണ്ട് അവസാനിപ്പിക്കും. പക്ഷെ അവരത് തിരിച്ചു ചെയ്യണം. ആയിഷ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുയെന്നാണ് അവര്‍ പറയുന്നത്. എന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടാണ് ദ്വീപ് ജനതയെ തീവ്രവാദികളായി ചിത്രീകരിച്ചതെങ്കില്‍ എല്ലാ അവസാനിപ്പിക്കും.”
മുഹമ്മദ് ഫൈസല്‍ എംപി ബിജെപിയിലേക്ക് പോകാന്‍ ശ്രമിച്ചെന്ന അബ്ദുള്ളക്കുട്ടിയുടെ ആരോപണത്തിനും ആയിഷ മറുപടി നല്കി. കോണ്‍ഗ്രസിലായിരുന്നപ്പോഴാണ് അബ്ദുള്ളക്കുട്ടി ആദ്യമായി ദ്വീപ് കാണുന്നത്. ദ്വീപില്‍ വരും, കുറച്ചു ദിവസം കറങ്ങിയിട്ട് തിരിച്ചു പോകും. ആ അബ്ദുള്ളക്കുട്ടിക്ക് ഞങ്ങളുടെ എംപിയെക്കുറിച്ച് പറയാന്‍ എന്ത് അവകാശമുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്തതാണ് എംപിയെ. ദ്വീപില്‍ അബ്ദുള്ളക്കുട്ടിക്ക് ആരും വിലയും കൊടുക്കുന്നില്ല.”