രണ്ട് രാത്രികള്‍ക്കൊടുവില്‍ ബാബുവിനെ രക്ഷപെടുത്തി. ഭക്ഷണവും വെള്ളവുമില്ലാതെ ഇരുപത്തിമൂന്ന് വയസുകാരന് മലയിടുക്കില്‍ കുടുങ്ങിയത് 43 മണിക്കൂറാണ്. ബാബുവിനായുള്ള പ്രാര്‍ത്ഥനയ്ക്കും നീണ്ട ശ്രമത്തിനുമൊടുവില്‍ യുവാവിന്റെ ജീവന് രക്ഷപ്പെടുത്തിയ സന്തോഷത്തിലാണ് കേരളക്കര മുഴുവനും. ഈ സാഹചര്യത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സിനിമയാണ് ‘127 അവേഴ്സ്’. ഡാനി ബോയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ രംഗങ്ങളും കഥയും മലമ്പുഴ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ നിസ്സഹായാവസ്ഥയെ ഓര്‍മിപ്പിക്കുന്നതായിരുന്നു.
2010 ല്‍ പുറത്തിറങ്ങിയ ചിത്രം പാറകള്‍ക്കിടയില്‍ കൈ കുടുങ്ങി 5 ദിവസം മലഞ്ചെരുവില്‍ കുടുങ്ങി കിടന്ന പരവതാരോഹകന് ആരോണ്‍ റാല്‍സ്റ്റന്റെ കഥയാണ് പറയുന്നത്. ഒടുവില്‍ കൈ മുറിച്ച് മാറ്റി ആരോണ്‍ രക്ഷപെടുന്നതും അതിനിടയ്ക്ക് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.
സാഹസിക യാത്രകള്‍ ഇഷ്ടപെടുന്ന ആരോണ്‍ വെക്കേഷന് ചെലവഴിക്കാന്‍ മലയിടുക്കിലേക്ക് സാഹസിക യാത്ര നടത്താന്‍ തീരുമാനിക്കുന്നു. വലിയൊരു പാറക്കെട്ടുകള്‍ക്ക് അരികിലൂടെ താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്ന ആരോണിന്റെ കൈ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങുകയും മലഞ്ചെരുവില്‍ കുടുങ്ങിപോകുകയുമാണ്. സഹായത്തിന് ആരും കൂടെ ഇല്ലാതിരുന്ന ആരോണ്‍ രക്ഷയ്ക്കായി ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കരച്ചിലോ നിലവിളിയോ ആരും തന്നെ കേള്‍ക്കുന്നില്ല.
ഇത്രയും വലിയ ദുരന്തം അദ്ദേഹം എങ്ങനെ അതിജീവിക്കുന്നു എന്നതാണ് ചിത്രം ഒന്നര മണിക്കൂറ് കൊണ്ട് പറഞ്ഞു വെക്കുന്നത്. 127 മണിക്കൂര്‍ നീണ്ട അതിജീവത്തിന് ശേഷം തന്റെ കൈപ്പത്തി മുറിച്ചു കളഞ്ഞാണ് ആരോണ്‍ അവിടെ നിന്ന് രക്ഷപ്പെടുന്നത്.
ജയിംസ് ഫ്രാങ്കോയാണ് ആരോണ്‍ റാല്സ്റ്റനായി വേഷമിടുന്നത്. മികച്ച നടനും സിനിമയ്ക്കും ഉള്‍പ്പടെ ആറ് അക്കാദമി നോമിനേഷന്‍സ് ലഭിച്ചിരുന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ ആ സിനിമ കേരളത്തിലും ചര്‍ച്ചയാകുകയാണ്. ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത് ത്രില്ലിംഗ് മാത്രമല്ല പ്രചോദനാത്മകമായ അനുഭവം കൂടിയാണ്. ഏത് വലിയ ദുരന്തങ്ങളെയും മനോധൈര്യം കൊണ്ടും പരിശ്രമം കൊണ്ടും അതിജീവിക്കാന്‍ സാധിക്കുമെന്ന് ചിത്രം കാണിച്ചു തരുന്നു. സഹായത്തിനായും ഒരു തുള്ളി വെള്ളത്തിനായും അലറി വിളിക്കുന്നത് ആരോണിനെ മറക്കാന്‍ ചിത്രം കണ്ട പ്രേക്ഷകന് പെട്ടെന്നൊന്നും സാധിക്കില്ല.
ഈ സിനിമയില്‍ ആരോണ്‍ കടന്നു പോയതിന് സമാനമായ അവസ്ഥയിലൂടെയാണ് ബാബുവും കടന്നു പോയത്. മലമ്പുഴ കുറുമ്പാച്ചി മലയില്‍ കാല്‍വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ ബാബു ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളാണ് മലയിടുക്കില്‍ കുടുങ്ങി കിടന്നത്. ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേര്‍ന്നാണു തിങ്കളാഴ്ച ഉച്ചയ്ക്കാണ് മലകയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല് വഴുതി വീഴുകയായിരുന്നു.
ആദ്യ മണിക്കൂറില്‍ ബാബുവിന് ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള ശ്രമമാണ് നടന്നതെങ്കിലും ആ ശ്രമം പരാജയപെടുകയായിരിന്നു. പിന്നീട് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബാബുവിനെ രക്ഷപെടുത്തിയത്.