മുംബൈ: അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുതിർന്ന ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ (67) അന്തരിച്ചു. ശ്വാസ തടസ്സത്തെത്തുടർന്ന് ഇന്നലെയാണ് ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യുഎസിലെ അർബുദ ചികിൽസയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്.
ഫെബ്രുവരിയിൽ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിൽ ഒരു കുടുംബചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടർന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിലാക്കിയത്. മുംബൈയിൽ മടങ്ങിയെത്തിയതിനു പിന്നാലെ വൈറൽ പനി ബാധയെത്തുടർന്ന് ആശുപത്രിയിലായ അദ്ദേഹം കുറച്ചുദിവസത്തിനകം ആശുപത്രി വിട്ടിരുന്നു.