തൃശ്ശൂര്‍: ചിരി അരങ്ങൊഴിഞ്ഞ്, യാത്ര പൂര്‍ത്തിയാക്കി ഇന്നസെന്റ് മടങ്ങി. മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. കുടുംബ കല്ലറയിലാണ് മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം.
പ്രത്യേകം സജ്ജീകരിച്ച തുറന്ന വാഹനത്തില്‍ വിലാപയാത്രയോടെയാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം പള്ളിയിലേക്കെത്തിച്ചത്. മന്ത്രിമാരായ ആര് ബിന്ദു, കെ രാജന്, അഭിനേതാക്കളായ ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ഇടവേള ബാബു, തുടങ്ങിയവരും വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. കൊച്ചിയിലും ത്രിശൂരുമായി ഇന്നച്ചനെ ഒരുനോക്കു കാണാന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.
ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമായിരുന്നു മരണ കാരണം.