യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതായി എത്തിയിരിക്കുകയാണ് നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തിന്റെ ട്രെയ്ലര്. മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നതിനിടയില്‍ ആയിരുന്നു ചിത്രത്തിന്റ ട്രെയ്ലര് പുറത്തുവിട്ടത്. ട്രെയ്ലര് പുറത്തു വിട്ടതിന് പിന്നാലെ തന്നെ ട്രെയ്ലര് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ട്രെയ്ലര് ട്രെന്‍ഡിങ് ആയതിന് പിന്നാലെ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് മമ്മൂട്ടി രംഗത്തെത്തിയിട്ടുണ്ട്. തമിഴ് സംസാരിക്കുന്ന ഒരു സ്ഥലത്തേക്ക് എത്തുന്ന മലയാളികളായ ഒരു നാടക സംഘവും, അവിടെ നിന്ന് വണ്ടി എടുത്ത് കൊണ്ട് പോകുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെയുമാണ് ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് നന്‍പകല്‍ നേരത്ത് മയക്കം.
ചിത്രം കേരള അന്തരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനം നടത്തിയതിന് ശേഷം തിയറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. ഐഎഫ്എഫ്കെയില് ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഐഎഫ്എഫ്കെയുടെ മത്സര വിഭാഗത്തില്‍ തിരിഞ്ഞെടുത്ത ചിത്രം മേളയുടെ മൂന്ന് ദിവസങ്ങളിലായി പ്രദര്‍ശിപ്പിച്ചിരുന്നു. മമ്മൂട്ടി എല്‍ജെപി ചിത്രം കാണുന്നതായി നിരവധി പേരാണ് തിയറ്ററുകളില്‍ തടിച്ച് കൂടിയത്. നീണ്ട ക്യൂവായിരുന്നു പ്രദര്‍ശനം നടത്തുന്ന തിയറ്ററുകള്‍ക്ക് മുന്നില്‍ കാണപ്പെട്ടത്.
എല്‍ജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളില്‍ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യന്, അശോകന്, വിപിന്‍ അറ്റ്ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.