പ്രേക്ഷകര്‍ കാത്തിരുന്ന ബ്രഹ്മാണ്ഡചിത്രം ‘എമ്പുരാന്’ പ്രദര്‍ശനത്തിനെത്തി. ആദ്യ ഷോ കഴിയുമ്പോള്‍ ലോകസിനിമാ നിലവാരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. ആദ്യഷോയ്ക്ക് പിന്നാലെ തിയേറ്ററുകളില്നിന്നെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളത്തിന്റെ ഹോളിവുഡ് സിനിമയെന്നാണ് പലരും എമ്പുരാനെ വിശേഷിപ്പിച്ചത്. മോഹന്‍ലാലിന്റെ ഇന്‍ട്രൊയും വരുന്ന സീനുകളിലെ സ്ക്രീന്‍ പ്രസന്‍സും ആവേശത്തിലാഴ്ത്തുന്ന അനുഭവമാണെന്ന് കുറിക്കുന്നവരും ഏറെയാണ്. സിനിമയിലെ ഓരോരുത്തരും മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതെന്നും ആളുകള്‍ പറയുന്നു.
ആദ്യ ഭാഗമായി ലൂസിഫറിനെ പോലെ സ്ലോ പേസില്‍ മികച്ച കെട്ടുറപ്പോടെയാണ് എമ്പുരാന്റെ തിരക്കഥയും മുരളി ഗോപി ഒരുക്കിയിട്ടുള്ളതെന്ന് പ്രേക്ഷകര്‍ പറയുന്നു. ശകതമായ ഫ്ലാഷ് ബാക്കിലൂടെ സിനിമ തുടങ്ങി ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഫസ്റ്റ് ഹാഫുമാണ് ചിത്രത്തിന് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന്റെ സംവിധാനമികവ് മലയാള സിനിമയുടെ തന്നെ നിലവാരം ഉയര്‍ത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍. ദീപക് ദേവിന്റെ മ്യൂസിക് തീ ആണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
ടീം എമ്പുരാന് കൂട്ടമായെത്തിയാണ് സിനിമ കണ്ടത്. മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും മകന് പ്രണവ് മോഹന്‍ലാലും എമ്പുരാന്റെ ആദ്യപ്രദര്‍ശനത്തിനെത്തിയിരുന്നു. പടം സൂപ്പറാണെന്നായിരുന്നു ആദ്യഷോയ്ക്ക് ശേഷം നടന് കൂടിയായ പ്രണവ് മോഹന്‍ലാലിന്റെ പ്രതികരണം. നല്ലപടം, എനിക്ക് ഭയങ്കര ഇഷ്ടമായി. ഇംഗ്ലീഷ് സിനിമ പോലെയുണ്ട്’, സുചിത്ര പറഞ്ഞു.
വികാരനിര്‍ഭരമായിട്ടാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ എമ്പുരാന്റെ ആദ്യപ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ആദ്യദിവസം ആദ്യഷോ കാണുന്നത് എന്റെ ജീവിതത്തില്‍ ആദ്യമാണ്. സുകുവേട്ടന്റെ അനുഗ്രഹം കൊണ്ടും മോഹന്‍ലാലിന്റെയും ആന്റണിയുടെയും ആത്മാര്‍ഥമായ സഹകരണം കൊണ്ടും എന്റെ മോന് ഒരു നല്ല ജോലിചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. കേരളത്തിലെ പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടി അത് സ്വീകരിക്കും’, ശബ്ദമിടറി മല്ലിക സുകുമാരന്‍ പറഞ്ഞു.