തൃശൂര്‍: അന്തരിച്ച നടന് ഇന്നസെന്റിന്റെ ഭൗതിക ശരീരം വിലാപയാത്രയായി ജന്മനാടായ ഇരിങ്ങാലക്കുടയിലെത്തിച്ചു. കേരളത്തിലെ പ്രിയപ്പെട്ട നടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ടൌണ്‍ഹാളിലേക്ക് എത്തുന്നത്. ജനങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് അഞ്ചിന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.
ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാര ചടങ്ങുകള്‍. പ്രിയ താരത്തെ കാണാന്‍ രാഷ്ട്രീയ സിനിമ സാംസ്കാരിക മേഖലയിലെ നിരവധി പേരാണ് ഇരിങ്ങാലക്കുട ടൌണ്‍ഹാളിലേക്ക് എത്തുന്നത്. പ്രിയദര്ശന് ,സത്യന് അന്തിക്കാട്, സിദ്ദീഖ്, ബാബുരാജ്, മുന്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ സിനിമ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ടൗണ്ഹാളിലെത്തിയിട്ടുണ്ട്.
കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം ഇരിങ്ങാലക്കുടയിലെത്തിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രി പത്തരയ്ക്കായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.