വൈറലായി ഷോര്‍ട്ട് ഫിലിം ‘ഓപ്പറേഷന്: ഒളിപ്പോര്’. ഒരു പക്കാ ആക്ഷന്‍ കോമഡി എന്റര്‍ടൈനര്‍ വളരെ ചെറിയ ബഡ്ജറ്റില്‍ എടുത്തിരിക്കുന്നു എന്നതാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രത്യേകത.
കടബാധ്യതയില്‍ അകപ്പെട്ട രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു ഫിനാന്‍സ് സ്ഥാപനം കൊള്ളയടിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ വളരെ യാദൃശ്ചികമായി അതേ ദിവസം അതേ സമയം മറ്റൊരു സംഘം ഇതേ സ്ഥാപനം കൊള്ളയടിക്കുന്നു. അവിടെ നടക്കുന്ന ബഹളങ്ങള്‍ക്കിടയില്‍ ഈ സുഹൃത്തുക്കള്‍ കൊള്ളക്കാരുടെ ഒപ്പം അകപ്പെട്ട് പോകുന്നതാണ് ഹ്രസ്വ ചിത്രത്തിന്റെ കഥ. അവര്‍ക്കിടയില്‍ ഉണ്ടാവുന്ന കണ്‍ഫ്യൂഷനും തമാശകളും ട്വിസ്റ്റും ആക്ഷനുമൊക്കെ കോര്‍ത്തിണക്കിയാണ് ഈ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.
സിനിമ സ്പൂഫുകളും സാമൂഹിക പ്രസക്തമായ വിഷയങ്ങളും നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ച് ശ്രദ്ധ നേടിയ സോഡാബോട്ടില്‍ എന്റര്ടെയ്ന്മെന്റാണ് ഈ ഹ്രസ്വ ചിത്രത്തിന് പുറകിലും. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കഥാകൃത്ത് സോണിയും സംവിധായകന് അക്ഷയും സോഫ്റ്റ് വെയര്‍ എഞ്ചിനീയമാരാണ്. എഡിറ്റ് നിര്‍വഹിച്ച മനു പരസ്യ ഏജന്‍സിയില്‍ ജോലി ചെയ്യുന്നു. ജനുവരി 17ന് തിരുവനന്തപുരത്ത് ഹ്രസ്വ ചിത്രത്തിന്റെ സ്ക്രീനിംഗ് സംഘടിപ്പിച്ചിരുന്നു.