മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന മലയാള സിനിമാ താരങ്ങള്‍, തമിഴ് സിനിമയില്‍ അഭിനയ്ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് തമിഴക വാഴ് വുരുമൈ സംഘം അധ്യക്ഷന്‍ വേല്മുരുകന്.
ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തകരുമെന്നും അഞ്ച് ജില്ലകളിലെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. അണക്കെട്ടിന് ബലക്ഷയം ഇല്ലെന്ന് വിവിധ സമിതികളുടെ റിപ്പോര്‍ട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെുക്കണമെന്നും വേല്മുരുകന് ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.
അതേസമയം, മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ഗുരുതര സാഹചര്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ ഹര്‍ജിക്കാര്‍ ഇന്നലെ സുപ്രിംകോടതിയില്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്രത്തിന് സുപ്രിംകോടതി നിര്‍ദേശം നല്കി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ പരിഗണിക്കാനായി മാറ്റി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക ക്യാമ്പെയ്നാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു ഡാമിന്റെ സ്വാഭാവിക കാലാവധി 50 വര്‍ഷമാണെന്നിരിക്കെ മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ചിട്ട് 126 വര്‍ഷമായി. അണക്കെട്ടിന്റെ ബലക്ഷയത്തെ തുടര്‍ന്ന് ഡികമ്മിഷന്‍ നീക്കം നടന്നെങ്കിലും തമിഴ്നാട് അതിനെ എതിര്‍ത്തു. ഇക്കാര്യത്തില്‍ കേരളവും തമിഴ്നാടും തര്‍ക്കം തുടരുകയാണ്.