ബോളിവുഡ് ലഹരിമരുന്നു കേസില്‍ നടി ദീപിക പദുക്കോണിനെയും മാനേജരേയും എന്‍സിബി ചോദ്യം ചെയ്യുന്നു. നടിമാരായ ശ്രദ്ധാ കപൂറും സാറാ അലി ഖാനും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. അതേസമയം, ജെഎന്‍യു വിഷയത്തിലുള്‍പ്പടെ സ്വീകരിച്ച നിലപാടിന് പ്രതികാരമാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ദീപികയ്ക്ക് എതിരെ നടത്തുന്നതെന്ന ആരോപണം ശക്തമാണ്.
സുശാന്തിന്റെ മരണം തിരികൊളുത്തിയ വിവാദങ്ങള്‍ ലഹരിമരുന്ന് കേസിലെത്തി നില്ക്കുമ്പോള് ബോളിവുഡിലെ പ്രധാന പേരുകളാണ ലഹരിവിരുദ്ധ ഏജന്‍സിയുടെ ചോദ്യങ്ങളെ നേരിടുന്നത്. രാവിലെ പത്ത് മണിക്ക് മുന്‍പായി ദീപികയും പിന്നാലെ മാനേജറും സൗത്ത് മുംബൈയിലെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഓഫീസിലെത്തി.
കേസന്വേഷണം നടിയിലേക്ക് വഴിത്തിരിച്ച ലഹരിമരുന്നുമായി ബന്ധപ്പെട്ട 2017ലെ വാട്സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. മാനേജര്‍ കരീഷ്മ പ്രകാശിന്റെ ഇന്നലത്തെ മൊഴികളുമായി ചേര്‍ത്ത് ദീപികയുടെ ഉത്തരങ്ങള്‍ പരിശോധിക്കും. മൊഴിയെടുപ്പ് പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിക്കുന്നുണ്ട്. സുശാന്ത് സിങ് രാജ്പുത്തിന്റെ സുഹൃത്തുക്കള്‍ കൂടിയായ ശ്രദ്ധാ കപൂറും സാറാ അലി ഖാനും നടനൊപ്പം ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നുമാണ് ആരോപണങ്ങള്‍.
ദീപിക പദുക്കോണ്‍ ഇന്നലെയും ശ്രദ്ധയും സാറയും ഇന്ന് രാവിലെയും അഭിഭാഷകരുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്, കഴിഞ്ഞ വര്‍ഷം നടന്ന ജെഎന്‍യു അക്രമങ്ങളില്‍ ഇടതുവിദ്യാര്ഥികള്ക്ക് അനുകൂലുമായി നിലപാടെടുത്ത് ക്യാംപസിലെത്തുകയും പൊതുവില്‍ ലിബറല്‍ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ദീപികയ്ക്ക് എതിരെയുള്ള പ്രതികാര നടപടിയാണ് വാട്സാപ്പ് ചാറ്റുകളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണമെന്ന അഭിപ്രായം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നുണ്ട്.