സിനിമയിൽ ശുദ്ധികലശം അനിവാര്യമാണെന്ന് നടൻ അശോകൻ. സിനിമയിലെ പുഴുക്കുത്തുകളെ പുറത്താക്കണം. ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖല അല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു.സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തോന്നിയിട്ടില്ലെന്ന് പറഞ്ഞ നടൻ താൻ കേട്ടിട്ടുള്ള അഡ്ജസ്റ്റ്മെന്റ് അഭിനയിക്കാനുള്ള ഡേറ്റിനെക്കുറിച്ചുള്ള അഡ്ജസ്റ്റുമെന്റിന്റെ കാര്യമാണെന്നും കൂട്ടിച്ചേർത്തു.
സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തിയവർ നിയമപരമായി ശിക്ഷിക്കപ്പെടണമെന്നും സിനിമയെ മറയാക്കി പ്രവർത്തിക്കുന്ന ക്രിമിനലുകളെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ അഭിനയിച്ച സെറ്റുകളിൽ മുൻപ് ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വരിക, ജോലി എടുക്കുക, വീട്ടിൽ പോവുക എന്നതാണ് തൻറെ രീതിയെന്നും അശോകൻ കൂട്ടിച്ചേർത്തു.അതേസമയം, നടൻ സിദ്ദിഖിനും സംവിധായകൻ രഞ്ജിത്തിനും എതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടർ നടപടി സ്വീകരിക്കും. സിനിമാ മേഖലയിലെ ഉന്നതരെ കുറിച്ച് ഉയർന്ന ലൈംഗികാരോപണങ്ങൾ സർക്കാരിനെയും പ്രതിരോധിത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.