എസ്പി ബാലസുബ്രഹ്മണ്യമില്ലാത്ത കലാലോകം ശൂന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സ്വരമാധുര്യവും സംഗീതവും പതിറ്റാണ്ടുകള്‍ പ്രേക്ഷകരെ ആഹ്ളാദിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ സംഗീതത്തിന് ഏറ്റവും വലിയ നഷ്ടമാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു.
എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാട് ഇന്ത്യന്‍ സംഗീത ലോകത്തെ നികത്താനാകാത്ത വിടവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമാനതകളില്ലാത്ത സംഗീതവും, മധുരശബ്ദവും എസ്പി ബാലസുബ്രഹ്മണ്യത്തെ എന്നന്നെന്നും ഓര്‍മ്മയില്‍ നിലനിര്‍ത്തുമെന്ന് അമിത് ഷാ പറഞ്ഞു.
തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശങ്കരാഭരണത്തിലെ ‘ശങ്കരാ…. നാദശരീരാ പരാ’ എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക മനസ്സുകളില്‍ എസ്.പി.ബി.യെ ആദ്യമായി അടയാളപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചു. ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാർത്തിയ പ്രതിഭയായിരുന്നു അദ്ദേഹം.
മലയാളിയെ സംബന്ധിച്ചിടത്തോളം ഇതര ഭാഷക്കാരനോ ഇതര സംസ്ഥാനക്കാരനോ അല്ല ബാലസുബ്രഹ്മണ്യം. നമുക്കിടയിലെ ഒരാളാണ്. അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനിൽക്കും. ഇന്ത്യൻ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടാകുന്നത്. പകരം വെക്കാന്‍ ആളില്ലാത്ത സംഗീത വ്യക്തിത്വമാണത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെയും ആസ്വാദക സമൂഹത്തിന്റെയാകെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
എസ് പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.നാല് ദശാബ്ദക്കാലം തന്റെ സ്വര മാധുരി കൊണ്ട് ഭാഷയുടെയും പ്രദേശത്തിന്റെയും അതിര്‍വരമ്പുകളെ ഇല്ലാതാക്കിയ അതുല്യനായ ഗായകനായിരുന്നു എസ് പി ബാലസുബ്രമണ്യം. പതിനാല് ഇന്ത്യന്‍ ഭാഷകളിലായി അദ്ദേഹം ആലപിച്ച നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ ആ പ്രതിഭയുടെ നിത്യ സ്മാരകങ്ങളായി എന്നെന്നും നിലനില്ക്കും. അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഇന്ത്യന്‍ സിനിമാസംഗീതത്തിലെ ഒരു യുഗമാണ് അസ്തമിച്ചിരിക്കുന്നത്. ഇനി എത്രയോ നൂറ്റാണ്ടുകള്‍ക്ക് ശേഷമായിരിക്കും ഇതു പോലെ ഒരു മാസ്മരികത ശബ്ദത്തിന്റെ ഉടമയെ നമുക്ക് ലഭിക്കുകയെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എസ്.പി ബാലസുബ്രഹ്മണ്യത്തിൻ്റെ മരണം തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് തീരാനഷ്ടമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. സംഗീത ആസ്വാദനത്തിന്റെ ഹൃദ്യമായ അനുഭവം നമുക്ക് നൽകിയ മഹാനായ കലാകാരനായിരുന്നു അദ്ദേഹം. ചലച്ചിത്രഗാനങ്ങളെ ആസ്വാദക ഹൃദയത്തിലേക്കെത്തിച്ച ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യമെന്നും സുരേന്ദ്രൻ പറഞ്ഞു. കേൾക്കാൻ ഇമ്പമുള്ള അദ്ദേഹത്തിൻ്റെ മധുരമായ ശബ്ദമാണ് സംഗീതപ്രേമികളെ ആകർഷിച്ചത്. അന്യഭാഷകളിലെ അദ്ദേഹത്തിൻ്റെ ഗാനങ്ങള്‍ മലയാളികൾ സ്വന്തം ഭാഷപോലെ നെഞ്ചേറ്റുകയായിരുന്നു. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഗായകനാണ് എസ്.പി.ബി.
അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും ആരാധകരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.