തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിന്റെയും നടൻ സിദ്ദിഖിന്റെയും രാജിയിൽ പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. അനിവാര്യമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ സ്ത്രീകള്‍ ഗൗരവതരമായ പരാതികള്‍ ഉന്നയിക്കുന്ന കാലമാണ്. അവരുടെ അനുഭവങ്ങള്‍ തുറന്നു പറയുകയും അക്രമങ്ങളെ പറ്റി സംസാരിക്കുകയും ചെയ്യുന്ന ഈ കാലത്ത് അനിവാര്യമായ കാര്യമാണ് രാജി – അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് പലരും നിശബ്ദത പാലിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ആഷിഖ് അബു പറഞ്ഞു. സിനിമാ മേഖലയിൽ ഇത്രയും കാലം നിശബ്ദതയായിരുന്നു. ഇപ്പോൾ കുറച്ച് സ്ത്രീകളാണ് സംഘം ചേർന്ന് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചത്. ക്രിമിനലുകളായ ആളുകൾ ഈ മേഖലയിലുണ്ട്.മാടമ്പിത്തരത്തിനും അക്രമങ്ങള്‍ക്കും ഇന്നത്തെ കാലഘട്ടത്തില്‍ സ്ഥാനമില്ലെന്നും, കാലഘട്ടവും സമൂഹവും കൊടുക്കുന്ന ശിക്ഷയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുമെന്നും പുതിയ നവീകരണ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഘടനയില്‍ എല്ലാവരും വിവരമില്ലാത്ത ആളുകളല്ലെന്നും വിവരമുള്ള ആളുകളുമുണ്ടെന്നും നടന് ജഗദീഷിന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ അവബോധമുള്ള ആളുകള്‍ക്ക് നേതൃത്വത്തിലേക്ക് വരാന്‍ സാധിക്കാത്തത് സംഘടനയുടെ ഫ്യൂഡല്‍ ഘടന കൊണ്ടാണ്. ജനാധിപത്യം വന്നുകഴിഞ്ഞാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പ്രതിവിധിയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. സിനിമാ സംബന്ധിയായ എല്ലാ സംഘടനകളിലും ഈ പ്രശ്നങ്ങള്‍ ഉണ്ട്. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പറ്റാത്ത ഒരുപാട് ആളുകള്‍ ഇതിലൊക്കെയുണ്ട്. ജനാധിപത്യം ഇതിനൊക്കെ പരിഹാരമാകും – ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.