ഷംന കസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം വിപുല പ്പെടുത്തും. സിനിമാ മേഖലയിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംഭവത്തില്‍ സിനിമാ മേഖലയില്‍ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. നടിയുടെ നമ്പര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടി എന്നതില്‍ വ്യക്തത വരേണ്ടതുണ്ടെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. ഇതുവരെ നാല് പ്രതികളാണ് കേസില്‍ പോലീസ് പിടിയി ലായത്. ഇനി മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് ഐജി വിജയ് സാഖറെ അറിയിച്ചു. തട്ടിപ്പുകാര്‍ നടിമാരെയും പ്രമുഖരെയും സമീപിക്കുന്നത് സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളാകാനാണ്.
പ്രതികള്‍ മുമ്പ് പലരെയും ലൈംഗിക ചൂഷണം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. ചൂഷണത്തിന് ഇരയായവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും, അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു. അതേസമയം, ഷംന കാസിമിന് പൂര്‍ണ്ണ പിന്തുണയാണ് താരസംഘടനയായ അമ്മ നല്‍കിയിരിക്കുന്നത്. നിയമനടപടികള്‍ക്ക് ആവശ്യമെങ്കില്‍ സഹായം നല്‍കുമെന്നും അമ്മ നേതൃത്വം അറിയിച്ചു.