ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി ഗായിക സിത്താര കൃഷ്ണ കുമാര്‍. ലോകം മുഴുവന്‍ ഒരു വൈറസിന്റെ പിടിയില്‍ അകപ്പെട്ടിരിക്കെ എങ്ങനെയാണ് ദ്വീപുകാരോട് ഈ പ്രവൃത്തി ചെയ്യാന്‍ സാധിക്കുന്നതെന്നാണ് സിത്താരയുടെ ചോദ്യം. ഫേസ്ബുക്കിലൂടെയാണ് താരം പിന്തുണ അറിയിച്ചത്.
‘ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി! ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല! കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും! കരയെന്നാല്‍ അവര്‍ക്ക് കേരളമാണ്! ദ്വീപില്‍ നിന്നുള്ള കുട്ടികള്‍ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജില്‍ പഠിച്ചിരുന്നതു കൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്! ഒരു സൂക്ഷ്മാണുവിന്റെ മുന്നില്‍ തകര്‍ന്നും തളര്‍ന്നും ഈ ലോകം മുഴുവന്‍ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു.’ സിത്താര ഫെയ്സ്ബുക്കില്‍ കുറിച്ചു.
നേരത്തെ പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, സലീം കുമാര്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ‘ഈ തലമുറ കണ്ടിട്ടുള്ളതില്‍ തന്നെ ഏറ്റവും വലിയ വൈറസിനെതിരെ രാജ്യത്തെ ജനത പോരാടുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍ഗണന ഇതൊക്കെയാണ് എന്നത് തീര്‍ത്തും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ലക്ഷദ്വീപ് ജനതയോടും അവരുടെ ഉപജീവനത്തോടും വിശ്വാസങ്ങളോടും കാണിക്കുന്ന അവഗണന തീര്‍ത്തും ഭയാനകം തന്നെയാണ്’, എന്നാണ് റിമ കലിങ്കല്‍ പ്രതികരിച്ചത്.
ലക്ഷദ്വീപ് ജനതയുടെ സൈ്വര ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകുമെന്ന് നടന് പൃഥ്വിരാജ് ചോദിച്ചു. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.