കൊച്ചി: രാജ്യോദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയെ മൂന്നാമതും ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്നു രാവിലെ കവരത്തി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിൽ ആയിരുന്നു ചോദ്യം ചെയ്യല്‍. ബുധനാഴ്ച ഏഴു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇന്നും ചോദ്യം ചെയ്തത്. ഹൈക്കോടതി നിര്‍ദേശം ഉള്ളതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. കൊച്ചിയിലേക്ക് തിരിച്ചു പോകാനും അനുമതി നല്‍കിയിട്ടുണ്ട്.
അഭിഭാഷകനൊപ്പമാണ് അയിഷ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിൽ ഹാജരായത്. കേസുമായി ബന്ധപ്പെട്ട് മുൻപ് നല്കിയ വിശദീകരണങ്ങള്‍ തന്നെയാണ് ഇന്നലെയും അയിഷ സുല്‍ത്താന നല്‍കിയത്. ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ബയോ വെപ്പണ്‍ ഉപയോഗിക്കുകയാണെന്ന് ഐഷ പറഞ്ഞെന്ന് ആരോപിച്ച് ബിജെപി നല്കിയ പരാതിയിലായിരുന്നു ആയിഷക്ക് എതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇത്തരമൊരു പരാമര്‍ശം നടത്തിയത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് എന്ന് അന്വേഷണ സംഘം ആയിഷയോട് ചോദിച്ചു.അയിഷയെ കൂടാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് ചിലരെക്കൂടി വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള ഒരുക്കത്തിലാണ് കവരത്തി പോലീസ്.
അതേസമയം, അയിഷ സുല്‍ത്താന ക്വാറന്റൈന് നിയമങ്ങള്‍ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ദുരന്തനിവാരണ അഥോററ്റിയുടെ നിര്‍ദേശങ്ങള്‍ അയിഷ പാലിച്ചില്ല എന്നതാണ് കുറ്റം. കോടതി നല്കിയ ഇളവുകള്‍ ദുരുപയോഗം ചെയ്തെന്നും ദ്വീപ് ഭരണകൂടം കോടതിയില്‍ പറയുകയും രേഖകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.