നടന് ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. സംഘടനയുടെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായ ആന്റണിയെയും പുറത്താക്കാന്‍ ഫിയോക് ഭരണഘടന ഭേദഗതിക്കാണ് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. ഇക്കാര്യത്തിലെ അന്തിമ തീരുമാനം 31ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലുണ്ടാകും.
അതേസമയം, മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന ഒടിടി റിലീസ് വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ഒക്ടോബറില്‍ ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജിവെക്കുന്നതായി അറിയിച്ചിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഫിയോക് ചെയര്മാന് കൂടിയായ നടന് ദിലീപിന് ആന്റണി പെരുമ്പാവൂര്‍ അന്ന് രാജി നല്‍കിയത്.
തുടര്‍ച്ചയായി ഒടിടി റിലീസ് ചെയ്യുന്നവരെ നിയന്ത്രിക്കാനും തീയറ്റര്‍ ഉടമകള്‍ നീക്കം നടത്തുന്നുണ്ട്. തുടര്‍ച്ചയായി ഒടിടി റിലീസ് ചെയ്യുന്നവരെ ഭാരവാഹികളാക്കരുതെന്നാണ് പൊതുവികാരം. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കപ്പെടുമ്പോഴും സിനിമകള്‍ വ്യാപകമായി ഒടിടിയിലെത്തുന്നതിലാണ് തിയറ്റര്‍ ഉടമകളുടെ അതൃപ്തി. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒടിടിയിലെത്തിയേക്കുമെന്ന സൂചനയെത്തുടര്‍ന്ന് സംഘടനയിലെ അംഗങ്ങളും ആന്റണി പെരുമ്പാവൂരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഈ വിഷയത്തിലടക്കമുള്ള അതൃപ്തി അംഗങ്ങള്‍ ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.
ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫേറര്‍ ഫിലിംസിനെ ഫിയോക് മുന്‍പ് വിലക്കിയിരുന്നു. വേഫേറര്‍ ഫിലിംസ് നിര്‍മിച്ച് ദുല്‍ഖര്‍ സല്മാന് നായകനായ ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിയ്ക്ക് നല്‍കിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്. ഭാവിയില്‍ ദുല്‍ഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചിരുന്നു. ദുല്‍ഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ല. സല്യൂട്ട് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും ഫിയോക് വ്യക്തമാക്കുകയായിരുന്നു.