ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ പ്രത്യേക അന്വേഷണ സംഘവും സിദ്ദിഖും സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷ സ്ത്രീത്വത്തിന്റെ അന്തസിനെ ഹനിക്കുന്നതാണെന്ന് പൊലീസ് ആരോപിക്കുന്നു.
ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ ഇന്നലെ സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായെന്നും പൊലീസ് ആവശ്യപ്പെട്ടതിൽ തന്റെ കൈവശമുള്ള തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറിയെന്നുമാണ് സത്യവാങ്മൂലം. പഴയ ഫോണുകൾ തന്റെ കൈയിൽ ഇല്ല. ഐപാഡ് ഉപയോഗിക്കുന്നില്ല. പൊലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടരുകയാണ്. ഇത് സംബന്ധിച്ച് താൻ പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ അജ്ഞാതരായ ചിലർ തന്നെയും, തന്റെ കുടുംബ അംഗങ്ങളെയും പിന്തുടർന്നു. ഇത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചതിനെ തുടർന്നാണെന്നും ആരോപിക്കുന്നു. സിദ്ദിഖ് നൽകിയ പരാതിയിൽ പൊലീസ് നൽകിയ രേഖമൂലമുള്ള മറുപടിയും അധിക സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ട്.
നാളെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സിദ്ദിഖ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.