ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. ഇതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. സിദ്ദിഖ് തെളിവ് നശിപ്പിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയില്‍ വാദിച്ചത്. സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലത്തിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാനും സിദ്ദിഖ് കോടതിയിൽ നിന്ന് സമയം തേടി. ഇക്കാരണത്താൽ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു.
അതേസമയം, എട്ട് കൊല്ലം കാലതാമസം എങ്ങനെ വന്നുവെന്ന് കോടതി വീണ്ടും ആരാഞ്ഞു. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകർ വി ഗിരിയാണ് ഹാജരായത്. സൂപ്പർസ്റ്റാറിനെതിരെ പോകാൻ പലരും മടിക്കുമെന്നും പരാതി നല്‍കുന്നതിന് മുമ്പ് തന്നെ ഫേസ്ബുക്കിൽ വിഷയം ഉയർത്തിയിരുന്നുവെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ പറഞ്ഞു. എട്ട് കൊല്ലത്തിന് ശേഷമല്ലേ കേസെന്നായിരുന്നു കോടതിയുടെ ചോദ്യം.