നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന്. സിദ്ദിഖിനെതിരെ സാക്ഷിമൊഴികൾ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി.തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കാനാണ് തീരുമാനം.
സിദ്ദിഖിനെതിരെ ഗുരുതര ആരോപണമാണ് യുവ നടി ആരോപിച്ചിരുന്നത്. സിദ്ദിഖിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോൾ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞിരുന്നു. സിദ്ദിഖ് തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും നടി വെളിപ്പെടുത്തിയിരുന്നു.
101 ഡി നമ്പര്‍ മുറിയില്‍ വെച്ചാണ് പീഡനമെന്നായിരുന്നു യുവതിയുടെ മൊഴി. ഗ്ലാസ് ജനലിലിലെ കര്ട്ടന് മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിംഗ് പൂള് കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘത്തിന് ഇക്കാര്യം സ്ഥരീകരിക്കാനായി. അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില്‍ എത്തിച്ചതെന്ന മൊഴി മൂവരും ശരിവെച്ചു. ജനുവരി 27ന് രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ദീഖ് പിറ്റേന്ന് വൈകിട്ട് 5 മണിവരെ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞു. ചോറും മീന്‍ കറിയും തൈരുമാണ് സിദ്ദീഖ് കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവെയ്ക്കുന്ന ഹോട്ടല്‍ ബിലും അന്വേഷണ സംഘം കണ്ടെത്തി. പീഡനം നടന്ന് ഒരുവര്‍ഷത്തിന് ശേഷം കാട്ടാക്കടയിലുള്ള ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സുഹൃത്ത് ഇക്കാര്യം ശരിവെച്ചു