തിരുവനന്തപുരം: വനിതാ കമ്മീഷൻ്റെ അധികാര പരിധിക്കകത്തുനിന്ന് കൊണ്ട് പൊതുതാൽപര്യ ഹര്‍ജിയില്‍ ഹൈക്കോടതി എന്താണോ നിർദേശിച്ചിട്ടുള്ളത് അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ തയ്യാറാണെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി.ആധികാരികമായ പരാതി വേണം. പരാതി ഇല്ലാതെ പൊലീസിന് കേസ് എടുക്കാൻ കഴിയില്ല. പരാതി കൊടുക്കാൻ തയാറായാലേ നടപടി എടുക്കൻ കഴിയൂവെന്നും വനിതാ കമ്മീഷന് നിലപാട് വ്യക്തമാക്കി.
നിലവിലുള്ള നിയമ വ്യവസ്ഥയിൽ പരാതിക്കാർ മുന്നോട്ട് വന്നാൽ മാത്രമേ നടപടിയെടുക്കാൻ കഴിയുകയുള്ളൂവെന്നും പി സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കാർക്ക് നീതി കൊടുക്കാൻ സർക്കാർ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ. കേസ് എടുക്കാനുള്ള നിയമപരമായ കാര്യങ്ങൾ പരിശോധിക്കും. ആത്മധൈര്യത്തോടെ പരാതിപ്പെടാൻ ഇവിടെ നിയമ വ്യവസ്ഥ ഉണ്ടെന്നും വനിത കമ്മീഷൻ വ്യക്തമാക്കി.
പരാമർശത്തിന് വിധേയമായിട്ടുള്ള ആളുകളുടെ പേരുകൾ പ്രസിദ്ധീകരിക്കപ്പെടാത്ത ഭാഗങ്ങളിലുണ്ടെങ്കിൽ തീർച്ചയായും മൊഴി നൽകിയ സ്ത്രീകളെ കോടതി മുമ്പാകെ വിളിച്ച് ചേർത്തുകൊണ്ട്, വളരെ കോൺഫിഡൻഷ്യലായി തെളിവെടുത്തുകൊണ്ട് നടപടികൾ സ്വീകരിക്കാനായി സാധിക്കുമെന്നും പി സതീദേവി പറഞ്ഞു.