ലക്ഷദ്വീപ്: സിനിമ പ്രവർത്തക ആയിഷ സുൽത്താനയ്ക്ക് നോട്ടിസ്. ക്വാറന്റീൻ നിയമങ്ങൾ ലംഘിച്ചെന്നുകാട്ടിയാണ് കളക്ടർ നോട്ടിസ് നൽകിയത്. ലക്ഷദ്വീപ് കളക്ടറാണ് നോട്ടിസ് നൽകിയത്. ചോദ്യം ചെയ്യലിനായി നൽകിയ ഇളവുകൾ ആയിഷ സുൽത്താന ദുരുപയോഗം ചെയ്തുവെന്നും
ദ്വീപിലെ കൊവിഡ് രോഗികളെ പാർപ്പിച്ച സ്ഥലങ്ങൾ സന്ദർശിച്ചു എന്നുമാണ് കളക്ടർ നൽകിയ നോട്ടിസിൽ പറയുന്നത്.
ദ്വീപിന് പുറത്ത് നിന്നെത്തിയിട്ട് ദ്വീപ് വാസികളുമായി ഇടപഴകിയെന്നും നോട്ടിസിൽ ചൂടികാണിച്ചിരിക്കുന്നു. ക്വാറന്റീൻ ലംഘനം തുടർന്നാൽ കേസെടുക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അതേസമയം,ആയിഷ സുൽത്താനക്ക് എതിരെയുള്ള രാജ്യദ്രോഹക്കേസിൽ അറസ്റ്റ് ഉടൻ ഉണ്ടാകില്ല. ആയിഷയെ അറസ്റ്റ് ചെയ്യേണ്ടെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയയ്ക്കും. തെളിവ് ശേഖരണത്തിന് ശേഷം ആയിഷയെ വീണ്ടും വിളിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.