കൊച്ചി: അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയുടെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഇന്ന് സംസ്കരിക്കും. രാവിലെ 9 മണിക്ക് കളമശ്ശേരി മുനിസിപ്പള്‍ ടൗണ്‍ ഹാളില്‍ തുടങ്ങിയ പൊതുദര്‍ശനം 1മുതല്‍ 12 മണി വരെ ഉണ്ടാകും. സംസ്കാരം വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പില്‍ നടക്കും. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ‘അമ്മ’ യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. നിരവധിപേരുടെ അമ്മയായും ഭാര്യയായുംവരെ സിനിമകളില്‍ അഭിനയിച്ചു.
വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു താരത്തെ. ആരോഗ്യം വഷളായതോടെയാണ് വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മലയാളത്തിലെ മുതിര്‍ന്ന താരങ്ങളുടെ പോലും അമ്മ വേഷത്തില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ കവിയൂര്‍ പൊന്നമ്മ തിളങ്ങിയിരുന്നു.
എഴുനൂറില്പരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. സിനിമയ്ക്കൊപ്പം ടെലിവിഷന്‍ സീരിയലുകളിലും നടി സജീവമായിരുന്നു. മാത്രമല്ല, സിനിമാ-നാടക പിന്നണി ഗാനരംഗത്തും പൊന്നമ്മ കഴിവ് തെളിയിച്ചിട്ടുണ്ട്. നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ല്‍ മണിസ്വാമി അന്തരിച്ചു. മകള്‍ ബിന്ദു അമേരിക്കയിലാണ് താമസിക്കുന്നത്.
അടുത്തകാലത്ത് കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന സമൂഹമാധ്യമങ്ങളില്‍ കവിയൂര്‍ പൊന്നമ്മയെ കുറിച്ചു വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ തള്ളി അവര്‍ തന്നെ രംഗത്തുവരികയുണ്ടായി. വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ തന്റെ ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വര്‍ഷങ്ങളായി താമസിക്കുന്നതെന്നും അവരാണ് തന്റെ കാര്യങ്ങള്‍ നോക്കുന്നതെന്നും കവിയൂര്‍ പൊന്നമ്മ വ്യക്തമാക്കിയിരുന്നു.
മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കവിയൂര്‍ പൊന്നമ്മ വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു. 2021 ല്‍ റിലീസ് ചെയ്ത ആണു പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ. ആരോഗ്യനില മോശമായതറിഞ്ഞ് നാട്ടിലെത്തിയ അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു മടങ്ങിപോയത് കഴിഞ്ഞ ദിവസങ്ങളിലാണ്.