നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ മഞ്ജുവാര്യര്‍ വിസ്താരത്തിനായി വീണ്ടും കോടതിയിലെത്തി. ദിലീപ് പ്രതിയായ കേസിലെ വിചാരണ നടക്കുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെയാണ് മഞ്ജു ഹാജരായത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസില്‍ തുടരന്വേഷണം നടത്തിയിരുന്നു. അധിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ സാക്ഷി വിസ്താരം നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ദിലീപിന്റെ ശബ്ദ സന്ദേശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ശബ്ദം തിരിച്ചറിയാന്‍ സാധിക്കുന്ന വ്യക്തിയെന്ന നിലയിലാണ് മഞ്ജുവിനെ കേസില്‍ വീണ്ടും വിസ്തരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 16നാണ് പ്രധാന സാക്ഷിയായ മഞ്ജു വാര്യരെ വിസ്തരിക്കാനിരുന്നത്. എന്നാല്‍ നേരത്തെ വിസ്തരിച്ച സാക്ഷികളായ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരെ വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. കോടതി ഈ ആവശ്യം അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് മഞ്ജുവാര്യരെ വിസ്തരിക്കുന്നത്.